Event More NewsFeature NewsNewsPoliticsPopular News

മാനന്തവാടി നഗരസഭാ ഓഫീസ് സെപ്‌തംബർ 14 മുതൽ പുതിയ കെട്ടിടത്തിലേക്ക്

മാനന്തവാടി : മെഡിക്കൽ കോളേജ് റോഡിൽ
പ്രവർത്തിക്കുന്ന മാനന്തവാടി നഗരസഭാ ഓഫീസിന്റെ പ്രവർത്തനം സെപ്‌തംബർ 14 തിങ്കളാഴ്‌ച മുതൽ ക്ലബ്ബുകുന്നിലെ കെട്ടിടത്തിലേക്ക് മാറ്റും. രാവിലെ 10ന് ഉഷാ വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 11 വർഷം മുമ്പാണ് മാനന്തവാടി ഗ്രാമപ്പഞ്ചായത്തിനെ നഗരസഭയായി ഉയർത്തിയത്. 1995 മുതലാണ് നിലവിലുള്ള കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിച്ചു തുടങ്ങിയത്. മുമ്പ് മാനന്തവാടി ടൗൺഹാൾ ഉണ്ടായിരുന്ന സ്ഥലത്താണ് പുതിയ ഓഫീസ് നിർമിച്ചിട്ടുള്ളത്. 11 മാസം മുമ്പ് പ്രിയങ്കാഗാന്ധി എം.പി. ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്‌തിരുന്നു. തിരക്കേറിയ മെഡിക്കൽ കോളേജ് റോഡിലാണ് ഇപ്പോഴുള്ള ഓഫീസ് പ്രവർത്തിക്കുന്നത്. എന്തെങ്കിലും ആവശ്യത്തിനായി എത്തുന്നവർക്കു വാഹനം നിർത്തിയിടാനുള്ള സൗകര്യം പോലുമില്ല. പുതിയ കെട്ടിടത്തിലേക്ക് ഓഫീസിന്റെ പ്രവർത്തനം മാറ്റുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമാവും. നഗരസഭാ വികസന പദ്ധതി വിഹിതവും തനത് ഫണ്ടും ഉപയോഗിച്ച് 15000 ചതുരശ്ര അടി വിസ്‌തീർണത്തിലാണ് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചത്. നഗരസഭയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്, കുടുംബശ്രീ, ഹരിതകർമ സേന, തൊഴിലുറപ്പ്, ആരോഗ്യ വിഭാഗം, പൊതുമരാമത്ത്, റവന്യു തുടങ്ങിയ മുഴുവൻ വിഭാഗങ്ങളും ഒറ്റ ഓഫീസിനു കീഴിൽ വരും. കോൺഫറൻസ് ഹാൾ, ആയിരത്തോളംപേർക്ക് ഇരിക്കാൻ സാധിക്കുന്ന ഓഡിറ്റോറിയം, കാൻ്റീൻ എന്നിവ അടുത്ത ഘട്ടത്തിൽ ഓഫീസിന്റെ ഭാഗമായി നിർമിക്കും. ലിഫ്റ്റ് സംവിധാനവും സജ്ജീകരിക്കും. കഴിഞ്ഞ സർക്കാർ കെട്ടിടം നിർമിക്കുന്നതിനായി മൂന്നുകോടി രൂപ പാസാക്കിയിരുന്നു. ഇതിൽ 25 ലക്ഷം രൂപ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ ശേഷം അനുവദിച്ചു. ഇനി ലഭിക്കുന്ന തുക ഉപയോഗിച്ചു മൂന്നാമത്തെ നില നിർമിക്കാനുദ്ദേശിക്കുന്നത്. മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, ഉപാധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്ഥിരം സമിതിയധ്യക്ഷരായ പി.വി. ജോർജ്, ലേഖാ രാജീവൻ, പി.വി.എസ്.മൂസ, ഷീജാ ഫ്രാൻസിസ്, ഷിബു കെ. ജോർജ്, കൗൺസിലർ വി.ആർ. പ്രവീജ്, നഗരസഭാ സെക്രട്ടറി അനിൽ രാമകൃഷ്‌ണൻ തുടങ്ങിയവർ
പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *