Feature NewsNewsPopular NewsRecent News

ജില്ലാതല ഓണാഘോഷം: കൽപ്പറ്റയിൽ പൂക്കള മത്സരം 24 ന്

കല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത്, ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ഓണാഘോഷം 23, 24 തീയതികളില്‍ നടത്തും. വിളംബര റാലികള്‍, പൂക്കള മത്സരം, ഘോഷയാത്ര, മെഗാ തിരുവാതിര, വടംവലി മത്സരം, ഗാനമേള തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എ. അരുണ്‍ദേവ്, ഡിടിപിസി പൂക്കോട് സെന്റര്‍ മാനേജര്‍ സി.ആര്‍. ഹരിഹരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഓണാഘോഷം വിളംബരം ചെയ്ത് 23ന് രാവിലെ ഏഴിന് പൂക്കോട് തടാക പരിസരത്തുനിന്ന് മേപ്പാടി, തരിയോട് ഭാഗങ്ങളിലേക്ക് സൈക്കിള്‍ റാലിയും ഉച്ചകഴിഞ്ഞ് മൂന്നിന് ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ റാലിയും നടത്തും. രാവിലെ 10ന് കുന്നമ്പറ്റ മിനി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. 24ന് രാവിലെ ഏഴിന് കല്‍പ്പറ്റ പുതിയ സ്റ്റാന്‍ഡില്‍ പൂക്കള മത്സരം ആരംഭിക്കും. 10ന് മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് തുടങ്ങുന്ന ഘോഷയാത്ര പുതിയ സ്റ്റാന്‍ഡില്‍ സമാപിക്കുന്ന മുറയ്ക്ക് ഓണാഘോഷം ഉദ്ഘാടനം കൃഷി മന്ത്രി ടി. സിദ്ദീഖ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ഡില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, മുനിസിപ്പില്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ തുടങ്ങിയവര്‍ പ്രസംഗിക്കും. പൂക്കള മത്സരത്തില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 5,000, 3,000 രൂപ സമ്മാനം നല്‍കും. വടംവലി മത്സരത്തില്‍ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ സമ്മാനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *