Feature NewsNewsPopular NewsRecent News

വള്ളിയൂർക്കാവിൽതീർഥാടന ടൂറിസംപദ്ധതിനടപ്പാക്കുന്നു

മാനന്തവാടി: മുനിസിപ്പാലിറ്റി, സോഷ്യല്‍ ഫോറസ്ട്രി ബ്ലോക്ക് ഹരിത സമിതി, വള്ളിയൂര്‍ക്കാവ് ദേവസ്വം, ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയം എന്നിവ സംയുക്തമായി വള്ളിയൂര്‍ക്കാവില്‍ തീര്‍ഥാടന ടൂറിസം പദ്ധതി നടപ്പാക്കുന്നു. ചിത്രശലഭ ഉദ്യാനം, ഔഷധസസ്യ പാര്‍ക്ക്, വംശനാശം നേരിടുന്ന നാടന്‍ മത്സ്യ ഇനങ്ങളുടെയും മറ്റു ജലജീവികളുടെയും സംരക്ഷണത്തിനു കുളം, വിശ്രമകേന്ദ്രം, ചരിത്ര മ്യൂസിയം, ലൈബ്രറി, തീര്‍ഥാടകര്‍ക്ക് ഇടത്താവളം തുടങ്ങിയവ ടൂറിസം പദ്ധതിയുടെ ഭാഗമാകും. ശരിമല മാതൃകയില്‍ തീര്‍ഥാടകര്‍ക്ക് നാള്‍വൃക്ഷം നടാന്‍ സൗകര്യം ഒരുക്കും. കബനി നദിയോരവും വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന് മുമ്പിലൂടെയുള്ള പാതയുടെ വശങ്ങളും സൗന്ദര്യവത്കരിക്കും. വംശനാശം സംഭവിക്കുന്നതും അപൂര്‍വ ഇനങ്ങളില്‍പ്പെട്ടതുമായ വൃക്ഷത്തൈകളുടെ ഉത്പാദനത്തിനും വിപണനത്തിനും നഴ്‌സറി ഒരുക്കും. വള്ളിയൂര്‍ക്കാവില്‍ സ്ഥലപരിശോധന നടത്തി ഉത്സവ നടത്തിപ്പിന് തടസം വരാത്തവിധമാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക.
പദ്ധതിയുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍മാന്‍ പി.വി. ജോര്‍ജ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.എസ്. മൂസ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു കെ. ജോര്‍ജ്, കൗണ്‍സിലര്‍ ശരണ്യ, ദേവസ്വം ട്രസ്റ്റി ഏച്ചോം ഗോപി, സോഷ്യല്‍ ഫോറസ്ട്രി ബ്ലോക്ക് ഹരിത സമിതി ചെയര്‍മാന്‍ ടി.സി. ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ടി.സി. ജോസഫിനെ ചുമതലപ്പെടുത്തി. എസ്എഫ്ഒ സി.എസ്. വേണു സ്വാഗതവും സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയം പ്രതിനിധി പി.എം നന്ദകുമാര്‍ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *