മുത്തങ്ങ സംഭവം:പോലീസു കാരൻ മരിച്ച കേസിൽ സിബിഐ വാദം പൂർത്തിയായി
കല്‍പ്പറ്റ: ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ 2003ല്‍ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ വനത്തില്‍ നടന്ന ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ വാദം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം ആരംഭിച്ച പ്രതിഭാഗം വാദം ഇന്നു തുടരും. കല്‍പ്പറ്റ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2003 ഫെബ്രുവരി 19ന് പോലീസുകാരന്‍ കെ. വിനോദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സിസി 230/2014 നമ്പര്‍ കേസിലാണ് സിബിഐ വാദം പൂര്‍ത്തിയായത്. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനാണ് കേസില്‍ മുഖ്യപ്രതി. 57 പ്രതികളാണ് ആകെ. ഇതില്‍ ജി. അശോകന്‍ ഉള്‍പ്പെടെ 25 പ്രതികള്‍ ഇതിനകം മരിച്ചു. ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനുവിനെ ഒന്നാംപ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത സിസി 231/2014 നമ്പര്‍ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഗൂഢാലോചനക്കുറ്റത്തിനുള്ള ഈ കേസില്‍ ജാനു ഉള്‍പ്പെടെ 74 പ്രതികളാണ്. ഇതില്‍ 21 പേര്‍ മരിച്ചു.
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് ആറ് എഫ്‌ഐആറാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇവ മൂന്ന് കേസുകളാക്കിയാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഇപ്പോള്‍ ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തത് ഒഴികെ രണ്ട് കേസുകളില്‍ എം. ഗീതാനനന്ദനാണ് ഒന്നാം പ്രതി.
കൊച്ചി സിബിഐ കോടതിയില്‍ നടന്നതില്‍ രണ്ടു കേസുകള്‍ ആദിവാസി ഗോത്രമഹാസഭ 2015 സെപ്റ്റംബര്‍ 26ന് നല്‍കിയ അപേക്ഷയിലാണ് 2016ല്‍ വയനാട്ടിലേക്ക് മാറ്റിയത്. കേസുകള്‍ മാറ്റുന്നതിന് രജിസ്ട്രാര്‍ മുഖേനയാണ് ആദിവാസി ഗോത്രമഹാസഭ ഹൈക്കോടതി ചീഫ് ജസ്റ്റീസിനു അപേക്ഷ നല്‍കിയത്. കൊച്ചിയില്‍ വിചാരണയ്ക്ക് ഹാജരാകുന്നതില്‍ ആദിവാസികള്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് കേസുകള്‍ വയനാട് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റീസിനു അപേക്ഷ നല്‍കാന്‍ സിബിഐ കോടതി ഗോത്രമഹാസഭ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നു.
ഗീതാനന്ദന്‍ മുഖ്യപ്രതിയായ 230/2014 നമ്പര്‍ കേസില്‍ സിബിഐക്കുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബോബി ജോസഫാണ് ഹാജരായത്. പ്രതികള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞതായി അദ്ദേഹം വാദിച്ചു. പോലീസുകാരന്‍ വിനോദിനെ കൊല്ലാന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതായും തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞതായും ബോധിപ്പിച്ചു.
പ്രതിഭാഗത്തിനുവേണ്ടി ബത്തേരി ബാറിലെ അഡ്വ.ടി.എം. റഷീദാണ് ഹാജരാകുന്നത്്. ലോക്കല്‍ പോലീസും ക്രൈ ബ്രാഞ്ചും ആറുമാസം അന്വേഷിച്ച കേസില്‍ തുടരന്വേഷണം നടത്തുന്നതിനുപകരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് അദ്ദേഹം വാദിച്ചു.
മുന്‍ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കാത്തത് തെളിവുകള്‍ അട്ടിമറിച്ചതിന് തുല്യമാണെന്ന വാദവും ഉന്നയിച്ചു. വാദം ഇന്ന് തുടരും
