Feature NewsNewsPopular NewsRecent News

മാനന്തവാടിയിൽ പഴകിയ ഭക്ഷണവിൽപ്പന വ്യാപകം:ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയും കണ്ണടയ്ക്കുന്നു: ബി.എം.എസ്

മാനന്തവാടി: മാനന്തവാടി നഗരത്തിലെ
ഹോട്ടലുകളിൽ നിന്ന് തുടർച്ചയായി പഴകിയതും
ആരോഗ്യത്തിന് ഹാനികരവുമായ
ഭക്ഷണസാധനങ്ങൾ പിടികൂടുന്ന സംഭവത്തിൽ
അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന
വീഴ്ചക്കെതിരെ ശക്തമായ പ്രതിഷേധവുമായി
ബി.എം.എസ് മാനന്തവാടി മേഖലാ കമ്മിറ്റി രംഗത്ത്.
നഗരസഭ ആരോഗ്യ വിഭാഗം ഇടയ്ക്കിടെ പരിശോധന
നടത്തി പിഴ ചുമത്തുന്നുണ്ടെങ്കിലും, ഒരേ
ഹോട്ടലുകളിൽ തന്നെ ഈ നിയമലംഘനം
തുടർച്ചയായി ആവർത്തിക്കുന്നത്
കുറ്റക്കാർക്കെതിരെ കർശനമായ തുടർനടപടികൾ
സ്വീകരിക്കാത്തതുകൊണ്ടാണെന്ന് കമ്മിറ്റി
ആരോപിച്ചു. പേരിനുമാത്രം നടക്കുന്ന ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെ പരിശോധനകൾ ഇത്തരം
നിയമലംഘകർക്ക് കൂടുതൽ പ്രോത്സാഹനമായി
മാറുകയാണ് ചെയ്യുന്നത്. കൃത്യമായ ഇടവേളകളിൽ
കർശനമായ പരിശോധനകളോ ലൈസൻസ്
റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളോ
ഉണ്ടാകുന്നില്ലെന്നും ബി.എം.എസ് കുറ്റപ്പെടുത്തി.

നഗരത്തിൽ വൈകുന്നേരങ്ങളിൽ സജീവമാകുന്ന തട്ടുകടകളിൽ യാതൊരുവിധ ആരോഗ്യഗുണനിലവാര പരിശോധനകളും അധികൃതർ നടത്തുന്നില്ല. ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യവിഭവങ്ങൾ കൈകാര്യം ചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികൾക്കും നിയമപ്രകാരം നിർബന്ധമുള്ള ഹെൽത്ത് കാർഡുകൾ ഇല്ലെന്നത് ജനങ്ങളുടെ ആരോഗ്യത്തെ വലിയ രീതിയിൽ പന്താടുന്നതിന് തുല്യമാണ്. മാനന്തവാടി നഗരത്തെ സജീവമാക്കുന്ന എഴുന്നൂറ്റമ്പതിലധികം വരുന്ന ഓട്ടോറിക്ഷ തൊഴിലാളികളും കൂടാതെ ബസ്സ് ടാക്സി തൊഴിലാളികളും ചുമട്ടുതൊഴിലാളികളും തങ്ങളുടെ നിത്യേനയുള്ള ആഹാരത്തിനായി ആശ്രയിക്കുന്നത് പ്രധാനമായും നഗരത്തിലെ ഈ ഹോട്ടലുകളെയാണ്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യം സാധാരണക്കാരായ തൊഴിലാളികൾക്കുള്ളിൽ വലിയ രീതിയിലുള്ള ആരോഗ്യ ആശങ്കയാണ് ഉണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *