Event More NewsFeature NewsNewsPoliticsPopular NewsRecent News

വയനാട് മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ വരുന്നു; ആർ.ജി.സി.ബി സംഘം സന്ദർശനം നടത്തി

മാനന്തവാടി:കായകൽപ്പം നൂറുദിന പദ്ധതിയുടെ ഭാഗമായി വയനാട് ഗവ. മെഡിക്കൽ കോളേജിൽ എം.ആർ.ഐ. മെഷീൻ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ (ആർ.ജി.സി.ബി) വിദഗ്‌ധ സംഘം വെള്ളിയാഴ്‌ച മെഡിക്കൽ കോളേജ് സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. ആർ.ജി.സി.ബി മെഡിക്കൽ ലബോറട്ടറി സർവീസ് തലവൻ ഡോ. ആർ. രാധാകൃഷ്‌ണൻ, ജനറൽ മാനേജർ കെ. രാജശേഖരൻ, ലാബ് മാനേജർ കെ.ബി. സതീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ആശുപത്രിയിലെത്തിയത്. തുടർന്ന് സ്ക‌ിൽ പാർക്കിൽ ഉഷാ വിജയൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

സർജറി കോംപ്ലക്‌സിൽ അത്യാധുനിക ലാബും സ്കാനിംഗ് സംവിധാനവും ഉപകരണങ്ങൾ സ്ഥാപിക്കാൻ ആശുപത്രിയിലെ സർജറി കോംപ്ലക്‌സിന്റെ ഗ്രൗണ്ട് ഫ്ലോർ അനുയോജ്യമാണെന്ന് വിദഗ്‌ധ സംഘം കണ്ടെത്തി. ഈ നിലയിൽ എം.ആർ.ഐ. മെഷീൻ, ഡിജിറ്റൽ എക്സ്റേ മെഷീൻ, അൾട്രാസൗണ്ട് മെഷീൻ എന്നിവ സ്ഥാപിക്കും.

പാത്തോളജി, മൈക്രോബയോളജി, വൈറോളജി, ബയോകെമിസ്ട്രി ഇമ്മ്യൂണോളജി സൗകര്യങ്ങൾ ഉൾപ്പെടുന്ന അത്യാധുനിക ലാബ്. രോഗികൾക്കായുള്ള കാത്തിരിപ്പ് കേന്ദ്രം, ശൗചാലയം എന്നിവയും ഈ നിലയിൽ തന്നെ സജ്ജീകരിക്കും.

ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെയും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഈ സ്ഥലം ആർ.ജി.സി.ബിക്ക് പൂർണമായും കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് സി.കെ. ജീവൻലാൽ അറിയിച്ചു.

ഇവിടെയുള്ള പരിശോധനാ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമായിരിക്കും. സേവനങ്ങളുടെ നിരക്കുകൾ സർക്കാർ നിശ്ചയിക്കുന്ന തുകയോ അതിൽ കുറവോ ആയിരിക്കുമെന്നത് സാധാരണക്കാരായ രോഗികൾക്ക് വലിയ ആശ്വാസമാകും. വിവിധ സൗജന്യ സ്കീമുകളിൽ ഉൾപ്പെട്ടവർക്കും ഈ ആനുകൂല്യം ലഭിക്കും. ലാബിലേക്ക് ആവശ്യമായ ജീവനക്കാരെ പൂർണമായും ആർ.ജി.സി.ബി തന്നെ നിയോഗിക്കുകയും വേതനം നൽകുകയും ചെയ്യും. മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് പഠനാവശ്യങ്ങൾക്കും ഈ ലാബും എക്സ്റേ സംവിധാനങ്ങളും ഉപയോഗിക്കാനാകും. ഈ പരിശോധനാ സംവിധാനങ്ങളുടെ നിയന്ത്രണ ചുമതല കോളേജ് പ്രിൻസിപ്പലിനും സൂപ്രണ്ടിനുമായിരിക്കും. അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കാൻ നിർദേശം

സംവിധാനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം എന്നിവർക്ക് നിർദേശം നൽകി. വെള്ളത്തിൻ്റെ ലഭ്യതയും ശാസ്ത്രീയമായ മാലിന്യനിർമാർജന സൗകര്യവും ഇവിടെ ഏർപ്പെടുത്തും.

യോഗത്തിൽ മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ പി.കെ. ഹംസ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി.ഡി. ബെന്നി തുടങ്ങിയവരും പങ്കെടുത്തു. ഈ പദ്ധതി പൂർത്തിയാകുന്നതോടെ വയനാട് മെഡിക്കൽ കോളേജിൽ എത്തുന്ന മുഴുവൻ രോഗികൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *