ടൗൺഷിപ്പ് സന്ദർശിച്ച് പ്രതിപക്ഷ നേതാവ്; അനീഷ്-സയന ദമ്പതിമാരുടെ വീട്ടിലെത്തി
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി എൽഡിഎഫ് സർക്കാർ ഒരുക്കിയ ടൗൺഷിപ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ദുരന്തത്തിൽ മൂന്ന് മക്കളും നഷ്ടമായ അനീഷ്-സയന ദമ്പതിമാരുടെ വീട്ടിലും അദ്ധേഹമെത്തി. വിശേഷങ്ങൾ തിരക്കിയ പ്രതിപക്ഷ നേതാവിന് കുട്ടികളുടെ ഓർമകൾ നിറഞ്ഞ മുറി കാണിച്ചുകൊടുത്തു. മക്കളുടെ ചിത്രങ്ങളും കളിപ്പാട്ടങ്ങളും അദ്ദേഹം നോക്കിനിന്നു. ‘സന്തോഷമായിരിക്കാൻ’ പറഞ്ഞ് പിണറായി വിജയൻ പുറത്തിറങ്ങുമ്പോഴേക്കും മറ്റുതാമസക്കാരുമെത്തി. എല്ലാവരുടെ വീട്ടിലും വരാനാകില്ലെന്നും എല്ലാവർക്കും വേണ്ടിയാണ് അനീഷിന്റെയും സയനയുടെ വീട്ടിലെത്തിയതെന്നും പറഞ്ഞായിരുന്നു അദ്ധേഹത്തിന്റെ മടക്കം.
ടൗൺഷിപ്പൊരുക്കിയ മുൻമുഖ്യമന്ത്രി വീട്ടിൽവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും തങ്ങൾക്ക് വലിയ സന്തോഷമായതായും തെരഞ്ഞെടുപ്പ് സമയത്ത് ധർമടത്തെത്തി ടൗ ൺഷിപ്പിലെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നതായും അനീഷും സയനയും പറഞ്ഞു.
കഴിഞ്ഞ ഒന്നിനാണ് വീട്ടിൽ പാലുകാച്ചി ഇവർ താമസം ആരംഭിച്ചത്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ജില്ലാ സെക്രട്ടറി കെ റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, എ എൻ പ്രഭാകരൻ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം ഉണ്ടായിരുന്നു.
