ജിഎസ്ഐ മുന്നറിയിപ്പ്കമ്പനി അവഗണിച്ചു;വയനാട്തുരങ്കപാതനിർമ്മാണത്തിൽ വൻസുരക്ഷാ വീഴ്ചയെന്ന്റിപ്പോർട്ട്
മേപ്പാടി: വയനാട് തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (ജിഎസ്ഐ) നൽകിയ ഗുരുതരമായ അപകട മുന്നറിയിപ്പുകൾ നിർമ്മാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോൺ കമ്പനി പൂർണ്ണമായി അവഗണിച്ചതായി വ്യക്തമാകുന്നു. നിർമ്മാണത്തിലെ കടുത്ത അപാകതകളും സാങ്കേതിക പിഴവുകളും ചൂണ്ടിക്കാട്ടി ജൂൺ 14-ന് ജിഎസ്ഐ നൽകിയ റിപ്പോർട്ടിലെ നിർദ്ദേശങ്ങളാണ് കമ്പനി തള്ളിക്കളഞ്ഞത്. ഇതോടെ വയനാട്ടിലുണ്ടായ അപകടം വെറുമൊരു മൺകൂന ഇടിഞ്ഞതല്ലെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ച സംരക്ഷണ ഭിത്തി തകർന്നതാണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. അനക്കാംപൊയിൽ–കള്ളാടി–മേപ്പാടി ഇരട്ട ട്യൂബ് റോഡ് ടണൽ പദ്ധതിയുടെ നോർത്ത് പോർട്ടൽ പ്രദേശത്ത് 2026 ജൂൺ 3 മുതൽ 11 വരെ നടത്തിയ സംയുക്ത ഭൂവിജ്ഞാന–ഭൂസാങ്കേതിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജിഎസ്ഐ റിപ്പോർട്ട് തയ്യാറാക്കിയത്. ഭൗമശാസ്ത്രപരമായി ചാർനോക്കൈറ്റ്, ആംഫിബൊലൈറ്റ്, ഹോൺബ്ലെൻഡ് ഗ്നൈസ് എന്നീ കഠിനമായ ശിലകളാൽ രൂപപ്പെട്ടതാണ് ഈ പ്രദേശം. എന്നാൽ ഇതിന്റെ കട്ട് ആൻ്റ് കവർ ഭാഗത്ത് പ്ലാസ്റ്റിസിറ്റി കുറഞ്ഞ സിൽട്ടി മണ്ണടങ്ങിയ കട്ടിയേറിയ മേൽമണ്ണ് പാളിയാണ് ഉള്ളത്. വെള്ളം എളുപ്പത്തിൽ വാർന്നുപോകാത്ത ഈ മണ്ണ് കാരണം, ദീർഘകാലം മഴ പെയ്താൽ മണ്ണിനുള്ളിലെ ജലസമ്മർദം കുറയാൻ വലിയ താമസമെടുക്കും. ഈ ഭാഗത്തെ ഇടത് വശത്തെ ചരിവിൽ ഏകദേശം 35 മീറ്റർ വരെ കട്ടിയുള്ള മേൽമണ്ണ് പാളിയുണ്ടെന്നും സുരക്ഷാ ഭിത്തിയുടെ ഇടതുഭാഗത്ത് വിള്ളലുണ്ടായിരുന്നതായും ജിഎസ്ഐ കണ്ടെത്തിയിരുന്നു.
സ്ഥലപരിശോധനയ്ക്കിടെ 1, 2, 3 ബെർമുകളിലെ വിള്ളലുകൾക്ക് ക്രമേണ വീതി കൂടുന്നതായും, വിവിധ ബെഞ്ചുകളിലായി ഒന്നിലധികം ചെറിയ മണ്ണിടിച്ചിലുകൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു. കൂടാതെ നാലാമത്തെ ബർമിലെ ഡ്രെയിനേജ് സംവിധാനത്തിന് സമീപമുള്ള വിള്ളലുകളിലൂടെ ചെളി കലർന്ന വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകിയിരുന്നു. ഈ വിള്ളലുകൾ ആഴത്തിലേക്ക് വ്യാപിച്ചതാകാം എന്നതുകൊണ്ട് തന്നെ മഴവെള്ളം മണ്ണിനുള്ളിലേക്ക് അതിവേഗം കടന്നുകയറാനും, ഭൂഗർഭജല സ്രവണത്തിനും, ആന്തരിക മണ്ണൊലിപ്പിനും ഇത് കാരണമായി. മൂന്നും നാലും ബെർമുകൾക്ക് ഇടയിൽ ഭൂഗർഭത്തിലൂടെ വെള്ളം ഒഴുകുന്ന ശബ്‌ദം വ്യക്തമായി കേട്ടിരുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മേൽമണ്ണിനുള്ളിൽ ആന്തരിക മണ്ണൊലിപ്പും പൈപ്പിംഗ് പ്രതിഭാസവും അതിവേഗം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത് ചരിവിന്റെ ആന്തരിക ബലം കുറച്ച് വലിയ രീതിയിലുള്ള മണ്ണിടിച്ചിലിന് കാരണമാകുമെന്നും ജിഎസ്ഐ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചാണ് നിർമ്മാണം തുടർന്നത്. പാറയുമായി ഘടിപ്പിച്ച് നിർമ്മിക്കേണ്ട സുരക്ഷാ ഭിത്തി പാറയിൽ നിന്നും 15-20 മീറ്റർ മാറ്റി മണ്ണിനോട് ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. സിമന്റും കമ്പിയും മെഷുമെല്ലാം ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിച്ച് അതിനകത്തെ സ്റ്റീൽ ബാറുകൾ പാറയുമായി ഘടിപ്പിക്കുന്ന റോക്ക് നെയിലിംഗും ഷോട്ട്ക്രീനിംഗുമായിരുന്നു ഇവിടെ ചെയ്യേണ്ടിയിരുന്നത്. എങ്കിൽ മാത്രമേ മുകളിൽ നിന്നുള്ള മണ്ണിടിച്ചിലിനെ തടഞ്ഞു നിർത്താൻ സാധിക്കൂ. എന്നാൽ റോക്ക് നെയിലിംഗിന് പകരം ഇവിടെ സോയിൽ നെയിലിംഗാണ് കമ്പനി നടത്തിയത്. റോക്ക് നെയിലിംഗ് ചെയ്യാത്തതിനാൽ പാറയിൽ നിന്ന് വെള്ളം കിനിഞ്ഞ് മണ്ണിലേയ്ക്ക് ഇറങ്ങുകയും, മഴ കൂടിയപ്പോൾ ഈ വെള്ളം മണ്ണിൽ വലിയ സമ്മർദ്ദമുണ്ടാക്കുകയുമായിരുന്നു. ഇതിനുപുറമേ, സംരക്ഷണ ഭിത്തിയിൽ ഓരോ മീറ്റർ ഇടവിട്ട് വെള്ളം വാർന്നുപോകാനായി സ്ഥാപിക്കേണ്ട വീപ്പ് ഹോൾസ് കൃത്യമായി നിർമ്മിച്ചിരുന്നില്ല. വെറും 15 സെന്റിമീറ്റർ മാത്രം കനത്തിൽ നിർമ്മിച്ച സംരക്ഷണ ഭിത്തിയിൽ വീപ്പ് ഹോൾസ് ഇല്ലാതിരുന്നതോടെ വെള്ളം വാർന്നുപോകാതെ വരികയും, കടുത്ത ഹൈഡ്രോ സ്റ്റാറ്റിക് പ്രഷർ രൂപപ്പെട്ട് ഭിത്തി പൂർണ്ണമായി പൊട്ടിത്തകരുകയുമായിരുന്നു.
