കണിയാമ്പറ്റയിൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു; 20 കുടുംബങ്ങൾക്ക് ആശ്വാസം
കണിയാമ്പറ്റ: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്റെ (കെ.കെ.എം.എ) ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കണിയാമ്പറ്റ മില്ലുമുക്കിൽ നിർമ്മിച്ച പൊതു കിണർ നാടിന് സമർപ്പിച്ചു. കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടിയിരുന്ന ഈ പ്രദേശത്തെ ഇരുപതോളം കുടുംബങ്ങൾക്ക് പുതിയ പദ്ധതി വലിയ ആശ്വാസമാകും.
ജൂൺ 28-ന് നടന്ന ചടങ്ങ് ഉസ്താദ് മുഹമ്മദ് കുട്ടി ഹസ്സനിയുടെ പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. കെ.കെ.എം.എ സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് റസാഖ് മേലടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രമുഖ സാമൂഹിക പ്രവർത്തകൻ റസാഖ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന കെ.കെ.എം.എയുടെ നടപടി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
വാർഡ് മെമ്പർ അബ്ബാസ്, മഹല്ല് കമ്മിറ്റി പ്രസിഡന്റ് അറക്കൽ മൂസ ഹാജി, സെക്രട്ടറി നെല്ലോളി കുഞ്ഞമ്മദ്, ഖത്തീബ് മുഹമ്മദ് കുട്ടി ഹസ്സനി, കെ.കെ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് അലിക്കുട്ടി ഹാജി, മലപ്പുറം ജില്ലാ ട്രഷറർ ഇബ്രാഹിം മൂസ, മുനീർ തുണ്ടിയിൽ, അബ്ദു കുറ്റിച്ചിറ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെ.കെ.എം.എ ജനറൽ സെക്രട്ടറി എ.വി. മുസ്തഫ സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി യു.എ.
ബക്കർ നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഗുണഭോക്താക്കളായ നൂറോളം പേർ ചടങ്ങിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും സമാനമായ കൂടുതൽ സേവന പ്രവർത്തനങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിക്കുമെന്ന് കെ.കെ.എം.എ ഭാരവാഹികൾ അറിയിച്ചു.
