വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫി; മസിനഗുഡിയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം, ലംഘിച്ചാല്‍ കര്‍ശന നടപടി.
ഗുഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡി- മായാർ റോഡില്‍ വന്യമൃഗങ്ങളുമായി സെല്‍ഫിയെടുക്കാനും അവയുടെ അടുത്തേക്ക് പോകാനും ശ്രമിക്കുന്ന വിനോദസഞ്ചാരികള്‍ക്കെതിരെ വനം വകുപ്പ് നടപടി കർശനമാക്കുന്നു.
ഈ മേഖലയില്‍ കരടി ഉള്‍പ്പെടെയുള്ള വന്യജീവികള്‍ റോഡരികില്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണ്. എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് മൃഗങ്ങളുടെ തൊട്ടടുത്തെത്തി ദൃശ്യങ്ങള്‍ പകർത്താൻ സഞ്ചാരികള്‍ മുതിരുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് വനം വകുപ്പിന്റെ ഇടപെടല്‍.
മസിനഗുഡിയില്‍ നിന്ന് വിനോദസഞ്ചാരികളുമായി സഫാരി പോകുന്ന ജീപ്പ് ഡ്രൈവർമാർക്ക് വനം വകുപ്പ് ഇത് സംബന്ധിച്ച് കർശന നിർദേശങ്ങള്‍ നല്‍കി കഴിഞ്ഞു. വന്യമൃഗങ്ങളെ കാണുമ്പോള്‍ വാഹനങ്ങള്‍ കുറഞ്ഞത് 50 മീറ്റർ അകലത്തില്‍ മാത്രമേ നിർത്താവൂ. മൃഗങ്ങളുടെ തൊട്ടടുത്ത് വാഹനം നിർത്താനോ സഞ്ചാരികളെ പുറത്തിറങ്ങാൻ അനുവദിക്കാനോ പാടില്ല. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സഫാരി ഡ്രൈവർമാർക്കാണെന്നും നിർദേശത്തില്‍ വ്യക്തമാക്കുന്നു.
നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും സഞ്ചാരികള്‍ക്കെതിരെയും പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. വന്യജീവികളുടെ സ്വാഭാവിക ജീവിതത്തിന് തടസ്സം നില്‍ക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ അനുവദിക്കില്ലെന്നും വനം വകുപ്പ് അറിയിച്ചു.
