Event More NewsFeature NewsNewsPoliticsPopular NewsRecent NewsSports

ഇനി കോലം കത്തിക്കരുത്; ജാഥയിൽ പങ്കെടുക്കുന്നവരും ശ്രദ്ധിക്കണം; മതത്തെ ഉപയോഗിക്കരുത്; മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വിലക്കുകൾ

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നിരിക്കുകയാണ്. രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും മാത്രമല്ല, പൊതുജനങ്ങളും ചില കാര്യങ്ങളിൽ ഇനിമുതൽ ശ്രദ്ധ പുലർത്തേണ്ടതായുണ്ട്. പ്രകടനങ്ങളിലും റാലികളിലും പങ്കെടുക്കുന്നത് പൊതുജനങ്ങളാകയാൽ അവയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള ചട്ടങ്ങൾ പ്രധാനമാണ്. കൂടാതെ സോഷ്യൽ മീഡിയയിലടക്കം ഇടപെടുമ്പോൾ മാതൃകാ പെരുമാറ്റച്ചട്ടം ഓർമയിലുണ്ടാകണം.

ജാതിമത വർഗീയ വികാരങ്ങൾ ഇളക്കരുത്!

മതം, ജാതി, വർഗീയ വികാരങ്ങൾ എന്നിവയെ മുൻനിർത്തിയുള്ള പ്രചാരണ പരിപാടികൾക്ക് വിലക്കുണ്ട്. രാഷ്ട്രീയ വിമർശനങ്ങളാകാമെങ്കിലും അത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ സ്പർശിക്കുന്നതാകരുത്. രാഷ്ട്രീയ കക്ഷിയുടെ നയപരിപാടികളെ വിമർശിക്കാം. അവരുടെ രാഷ്ട്രീയ പ്രകടനത്തെ വിലയിരുത്താം.

പണം വോട്ടർമാരുടെ പോക്കറ്റിലേക്ക് ഇറക്കരുത്!

വോട്ടിനു വേണ്ടി കൈക്കൂലി നൽകുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. വോട്ട് ചെയ്യാനായി ആൾമാറാട്ടം നടത്തുന്നതും വലിയ കുറ്റകൃത്യമാണ്. പോളിംഗ് സ്റ്റേഷനുകൾക്ക് സമീപം പ്രചാരണം നടത്തുന്നതും നിയമവിരുദ്ധ പ്രവർത്തനമാണ്. സ്വകാര്യ വീടുകൾക്ക് പുറത്ത് പ്രകടനങ്ങൾ നടത്തുന്നതിനും, പ്രചാരണത്തിനായി മറ്റൊരാളുടെ സ്വത്ത് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

അനുമതിയില്ലാതെ ജാഥ റൂട്ട് മാറ്റരുത് !

പാർട്ടികൾ ഇനിമുതൽ നടത്തുന്ന യോഗങ്ങളെയും ജാഥകളെയും കുറിച്ച് അധികാരികളെ അറിയിക്കണം. പോലീസ് അടക്കമുള്ള അധികാരികളിൽ നിന്ന് ആവശ്യമായ അനുമതികൾ വാങ്ങാതെ പരിപാടികൾ നടത്തരുത്. ഉച്ചഭാഷിണി ഉപയോഗിക്കാനും, വലിയ തോതിൽ ആളുകളെ ഒരുമിച്ചു കൂട്ടുന്നതിനുമെല്ലാം അനുമതി വാങ്ങണം. ക്രമസമാധാനപാലനത്തിന് പോലീസിനെ സഹായിക്കണം. റാലികളും മറ്റും നടക്കുമ്പോൾ ഗതാഗതം നിയന്ത്രിക്കുന്നതിനും പോലീസ് നിർദ്ദേശങ്ങൾ പാലിക്കണം. ജാഥകൾ മുൻകൂട്ടി നിശ്ചയിച്ച വഴികളിലൂടെ വേണം കടന്നു പോകാൻ. സ്വന്തം ഇഷ്ടപ്രകാരം ഈ റൂട്ടിൽ മാറ്റം വരുത്തരുത്.

Leave a Reply

Your email address will not be published. Required fields are marked *