Feature NewsNewsPopular NewsRecent News

“മോദിയുടെ ഒരു കോൾ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും’; യുഎഇ അംബാസഡർ

ഇസ്രയേൽ ഇറാൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു കോൾ മതിയെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ സ്‌ഥാനപതി ഹുസൈൻ ഹസ്സൻ മിർസ. പശ്ച‌ിമേഷ്യൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് സംസാരിക്കവേയാണ് ഹുസൈൻ മിർസ കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ഇസ്രയേൽ ഇറാൻ മേധാവികളുമായി നരേന്ദ്രമോദിക്കുള്ള വ്യക്‌തിപരമായ ബന്ധം തുറന്നുപറയുകയായിരുന്നു ഹസ്സൻ മിർസ. ഈ ബന്ധമുപയോഗിച്ച് സമാധാന ശ്രമങ്ങൾക്ക് തുടക്കമിടാമെന്നും ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്‌തമാക്കുന്നു. ഇന്ത്യയുടെ ശക്‌തമായ നയതന്ത്ര നിലപാടും മോദിയുടെ ഇടപെടലും പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകനേതാക്കൾക്കിടയിലുള്ള മോദിയുടെ സ്വാധീനവും ബന്ധവും ഇത്തരം വിഷയങ്ങളിൽ നിർണായകമാണെന്നും യുഎഇ അംബാസഡർ പറയുന്നു.

“ഇന്ത്യ മഹത്തായ രാജ്യമാണ്, ഇന്ത്യയുടെ പ്രൊഫൈൽ അത്രയും മികച്ചതാണ്, ഒരൊറ്റ ഫോൺ കോളിലൂടെ മാത്രം വലിയ മാറ്റം കൊണ്ടുവരാനാകും, ഒറ്റ കോൾ മതി, മോദിയൊന്ന് ഇസ്രയേലിലേക്കും ഇറാനിലേക്കും വിളിച്ചാൽ അവിടെ തീരും യുദ്ധം’- ഹസ്സൻ മിർസ പറയുന്നു. സമീപകാലത്തുനടന്ന മോദിയുടെ ഇസ്രയേൽ സന്ദർശനവും ഇറാനുമായുള്ള സൗഹൃദവും അദ്ദേഹം ചൂണ്ടിക്കാട്ടി.” 10 ദിവസങ്ങൾക്ക് മുൻപ് മോദി ഇസ്രയേലിലെത്തി, ഇറാനുമായി മികച്ച സൗഹൃദമുണ്ട് മോദിക്ക്, ഏറ്റവും കൂടുതൽ ഇറാനിയൻ എണ്ണ വാങ്ങുന്ന രാജ്യം കൂടിയാണ് ഇന്ത്യ, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഒറ്റകോളിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും’- മിർസ തുടരുന്നു.

ഇന്ത്യയുടെ വികസനത്തിൽ പതിറ്റാണ്ടുകളായി മികച്ച പങ്കാളിയാണ് യുഎഇയെന്നും അവിടെ ഇന്ത്യൻ ജനതയുടെ വലിയൊരു ഭാഗം ജനതയാണ് താമസിക്കുന്നെതെന്നും മിർസ ഓർമിപ്പിക്കുന്നു. യുഎഇയിലുള്ള ഇന്ത്യൻ ജനതയുടെ രക്ഷയ്ക്കായി നേതൃത്വം ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 35 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയിലുള്ളതെന്നും അഭിമുഖത്തിൽ മിർസ പറയുന്നു.

അതേസമയം തന്നെ ഇറാനെതിരായി യുഎഇയുടെ മണ്ണിൽ നിന്നും പ്രവർത്തിക്കാൻ ഒരു സംഘത്തെയും അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ ഉറപ്പ് നൽകാനാവുമെന്നും യുഎഇ സ്‌ഥാനപതി ആവർത്തിക്കുന്നു. സമാന നിലപാടാണ് കുവൈത്തിനും ഖത്തറിനുമുള്ളതെന്നും മിർസ. പശ്ചിമേഷ്യൻ സംഘർഷം പത്താം ദിവസത്തിലേക്ക് കടന്ന വേളയിലും ഇറാന്റെ ഭാഗത്തുനിന്നും യുഎഇ ആക്രമണം നേരിടുകയാണ്. ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ പലതും യുഎഇ തടഞ്ഞെന്നും ഹുസൈൻ ഹസ്സൻ മിർസ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *