‘സിനിമകൾ പ്രകോപനം’; പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു
ഛത്തീസ്ഗഡ് സ്വദേശി റാംനാരായൺ, പാലക്കാട്ട് ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ടതിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഉടൻ നോട്ടിസ് അയക്കുമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം പ്രിയങ്ക് കാനൂംഗോ മനോരമ ന്യൂസിനോട് പറഞ്ഞു. തമിഴ്നാട്ടിൽ ഒഡീഷ സ്വദേശിയെ ആക്രമിച്ചതിലും നടപടി ഉണ്ടാകും.
പല ദക്ഷിണേന്ത്യൻ സിനിമകളും ഭാഷാപരമായ വിവേചനം പ്രോൽസാഹിപ്പിക്കുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കാൻ സെൻസർ ബോർഡിനോട് ആവശ്യപ്പെടുമെന്നും എന്നും പ്രിയങ്ക് കാനൂംഗോ പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പ്രകോപന പരാമർശങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി സ്വീകരിക്കണം എന്നും പ്രിയങ്ക് കാനൂംഗോ പറഞ്ഞു.
ആക്രമണം നടത്തുന്നത് തീവ്ര നിലപാടുകാരെന്ന് പറഞ്ഞ കാനുംഗോ, അതിഥി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകുമെന്നും വ്യക്തമാക്കി. ചില ദക്ഷിണേന്ത്യൻ സിനിമകൾ ഭാഷാ വിവേചനം പ്രോൽസാഹിപ്പിക്കുന്നുണ്ട്. ഇത്തരം സിനിമകൾ പ്രകോപനമായതാണ് ഇതര സംസ്ഥാനക്കാർക്കെതിരായ ആക്രമണത്തിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 17 നായിരുന്നു പാലക്കാട് വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശി റാംനാരായൺ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്നക്. എസ് സി-എസ്ടി അതിക്രമം തടയൽ, ആൾകൂട്ടകൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തത്.
31കാരനായ റാംനാരായൺ നേരിട്ടത് അതിക്രൂരമർദനമായിരുന്നു. തലയിലും മുഖത്തും വടി വെച്ച് അടിച്ചെന്നും വയറിൽ പലതവണ ചവിട്ടിയെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്.
