Feature NewsNewsPopular NewsRecent News

ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കുന്നു, ആദ്യഘട്ട ചർച്ച കഴിഞ്ഞെന്ന് ബ്രിട്ടാസ്

ന്യൂഡൽഹി: കേന്ദ്ര സർക്കാർ മഹാത്മാ ഗാന്ധിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കാൻ തീരുമാനിച്ചതായി സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. ഇതുസംബന്ധിച്ച ആലോചനയുടെ ഒന്നാം ഘട്ടം കഴിഞ്ഞുവെന്നും ഇന്ത്യയുടെ ആർഷ ഭാരത പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നുരണ്ട് ചിഹ്നങ്ങൾ ചർച്ച ചെയ്തുവെന്നും ബ്രിട്ടാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചായ സൽക്കാരത്തിൽ പങ്കെടുത്തതിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ വിമർശിക്കുന്നതിനിടെയാണ് ബ്രിട്ടാസ് ഇക്കാര്യം പറഞ്ഞത്.

ഒരുപക്ഷേ ഈ പ്രിയങ്ക ഗാന്ധിയും കൂട്ടരും മഹാത്മാ ഗാന്ധിയെ ഇന്ത്യൻ കറൻസിയിൽ നിന്നും നീക്കിയ ശേഷമുള്ള ചായ സൽക്കാരത്തിലും പങ്കെടുക്കുമായിരിക്കുമെന്നാണ് താൻ വിചാരിക്കുന്നതെന്നും ബ്രിട്ടാസ് വിമർശിച്ചു. ജനാധിപത്യവിരുദ്ധമായ ബില്ലുകൾ പാസാക്കുന്ന സർക്കാരിനോട് മൃദുസമീപനം സ്വീകരിക്കുന്നത് പ്രതിപക്ഷത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും ദൗർഭാഗ്യകരമായ സംഭവമാണിതെന്നു പറഞ്ഞ ബ്രിട്ടാസ്, ഇന്ത്യയിലെ 50 കോടി വരുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിലാക്കുന്ന തൊഴിലുറപ്പ് ബിൽ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ചായ സൽക്കാരത്തിന് പ്രിയങ്ക പോയത് ഇന്ത്യൻ ജനാധിപത്യത്തിന് ഏറ്റ തീരാകളങ്കമാണെന്നും കൂട്ടിച്ചേർത്തു.

പ്രിയങ്ക ഗാന്ധിക്ക് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയുമായി എന്താണ് ബന്ധമുള്ളതെന്നും ബ്രിട്ടാസ് ചോദിച്ചു. കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയിൽ ലീഡറോ, ഡെപ്യൂട്ടി ലീഡറോ, ചീഫ് വിപ്പോ പോലെയുള്ള യാതൊരു ഔദ്യോഗിക പദവികളും ഇല്ലാതിരുന്നിട്ടും പ്രിയങ്ക ഗാന്ധി എന്തിനാണ് അവിടെ പോയതെന്നും ബ്രിട്ടാസ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *