ഏഷ്യാകപ്പിന് ഇന്ന് തുടക്കം; അഫ്ഗാൻ-ഹോങ് കോങ് ഉദ്ഘാടന പോരാട്ടം, ഇന്ത്യ നാളെ ഇറങ്ങും
ദുബായ്: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഏഷ്യാകപ്പിന് ഇന്ന് യുഎഇയിൽ തിരശീല ഉയരും. പതിനേഴാം എഡിഷനിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക അടക്കം മുൻ ലോകചാമ്പ്യന്മാരും മറ്റ് ടീമുകളും നേർക്കുനേർ പോരാട്ടത്തിനിറങ്ങും. ആകെ എട്ട് ടീമുകൾ പങ്കെടുക്കും.
അബുദാബിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്താൻ ഹോങ് കോങ്ങിനെ നേരിടും. ബുധനാഴ്‌ച ദുബായിൽ ആതിഥേയരായ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം സെപ്റ്റംബർ 14-ന് ദുബായിലാണ്.
യുഎഇ സമയം വൈകുന്നേരം ആറിന് തുടങ്ങാനിരുന്ന മത്സരങ്ങൾ കടുത്ത ചൂടിനെ തുടർന്ന് ആറരയിലേക്ക് മാറ്റി. ദുബായ്, അബുദാബി എന്നീ വേദികളിലായി മൊത്തം 19 മത്സരങ്ങളാണ് നടക്കുക. ആദ്യമായാണ് എട്ടു ടീമുകൾ ഏഷ്യാകപ്പിൽ പങ്കെടുക്കുന്നത്. 2023-ൽ നടന്ന അവസാന എഡിഷൻ ഏകദിന ഫോർമാറ്റിലായിരുന്നെങ്കിലും, ഇത്തവണ മത്സരം ടി20 രീതിയിലാണ്.
ഗ്രൂപ്പ് മത്സരങ്ങളിലെ മുൻനിരയിലെ രണ്ടുടീമുകൾ സൂപ്പർ ഫോറിലെത്തും. ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന സൂപ്പർ ഫോറിൽ ആദ്യരണ്ടു സ്ഥാനത്തെത്തുന്നവർ 28-ന് ഫൈനൽ കളിക്കും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തന്നെയാണ് ടൂർണമെന്റിലെ ഫേവറിറ്റ് ടീം.
ഇന്ത്യ ഉൾപ്പെടെ എല്ലാ ടീമുകളും കഴിഞ്ഞ ആഴ്ച്‌ച തന്നെ യുഎഇയിലെത്തി. കടുത്ത ചൂടിൽ നിന്ന് മോചനം നേടുന്ന സാഹചര്യത്തിൽ കാലാവസ്ഥയോട് പൊരുത്തപ്പെടുക തന്നെയാണ് താരങ്ങൾക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി.
തിങ്കളാഴ്ച ഇന്ത്യൻ ടീം ദുബായിൽ പരിശീലനം തുടങ്ങി. ചൊവ്വാഴ്‌ച രാവിലെ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എല്ലാ ടീമുകളുടെ ക്യാപ്റ്റൻമാരും സംഗമിക്കും. സൂര്യകുമാർ യാദവാണ് ഇന്ത്യൻ ടീമിൻ്റെ നായകൻ. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.
