ശശിമല സ്കൂളിൽ ജീവിതനൈപുണ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു
ശശിമല: ഉദയ ജി യു പി എസ് ശശിമലയിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ജീവിതനൈപുണ്യ അവബോധ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ജീവിതനൈപുണ്യങ്ങൾ വളർത്തുക, ആത്മവിശ്വാസം വർധിപ്പിക്കുക, സ്വയം തിരിച്ചറിയാനും ഉചിതമായ തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവുകൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്. ദൈനംദിന ജീവിതത്തിൽ കുട്ടികൾ നേരിടുന്ന വിവിധ സാഹചര്യങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിനും വ്യക്തിത്വവികസനത്തിനും സഹായിക്കുന്ന വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. കുട്ടികളുടെ സജീവ പങ്കാളിത്തവും സംവാദങ്ങളും പരിപാടിയെ ശ്രദ്ധേയമാക്കി. ക്ലാസിന് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ജോസീന ജോൺ നേതൃത്വം നൽകി. ക്ലാസിന്റെ അവസാനം വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. ഹെഡ്മാസ്റ്റർ ഷാജി എ. ഐ. അധ്യക്ഷത വഹിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോ-ഓർഡിനേറ്റർ രാജീവ് എ. ടി., സ്റ്റാഫ് സെക്രട്ടറി ഷിംന വി. എസ്., സ്കൂൾ ലീഡർ ശിവ്ജിത്ത് കെ എസ്, മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
