Event More NewsFeature NewsNewsPoliticsPopular NewsRecent News

വ്യാപാരി വ്യവസായി സഹകരണ സംഘം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചു

വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി,വ്യാപാര ഭവനിൽ നിന്ന് മാറ്റി സ്ഥാപിക്കാനുള്ള ഭരണസമിതി തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി പുൽപ്പള്ളി യൂണിറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വ്യാപാരി സമൂഹത്തിന്റെ നന്മയ്ക്കായി രൂപീകരിച്ച്,
1997 മുതൽ പുൽപ്പള്ളി കേന്ദ്രീകരിച്ച്
പ്രവർത്തിച്ചു വരുന്ന വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ സ്വാർത്ഥ താല്പര്യങ്ങൾക്കായി വ്യാപാരികളിൽ നിന്ന് അകറ്റാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. പഞ്ചായത്ത് ലൈസൻസ് ഉള്ള വ്യാപാരികൾക്ക് മാത്രം അംഗത്വം നൽകി, വ്യാപാരികളുടെ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സൊസൈറ്റി ആണിത് .

സൊസൈറ്റി മെമ്പർമാരെ അറിയിക്കാതെയും, ജനറൽബോഡി വിളിച്ച് ചർച്ച ചെയ്യാതെയും സൊസൈറ്റി മാറ്റാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. 30 വർഷക്കാലമായി വ്യാപാരഭവനിൽ പ്രവർത്തിക്കുന്ന സൊസൈറ്റിക്ക് സംഘടനയുടെ ഫണ്ട് ഉപയോഗിച്ച് മുഴുവൻ ഫർണിച്ചർ വർക്കുകളും ചെയ്തു കൊടുത്തിരുന്നു. ഇപ്പോഴും കേവലം 650/-രൂപ ദിവസ വാടകക്കാണ് സൊസൈറ്റി വ്യാപാര ഭവനിൽ പ്രവർത്തിക്കുന്നത്. പാർക്കിംഗും, സൗകര്യങ്ങളമില്ലെന്ന് പറഞ്ഞ് പാർക്കിംഗ് സൗകര്യം തീരെ ഇല്ലാത്ത മറ്റൊരു ബിൽഡിങ്ങിന്റെ രണ്ടാം നിലയിലേക്ക് സൊസൈറ്റി പ്രവർത്തനം മാറ്റുന്നത് സൊസൈറ്റിയുടെ നന്മയെ കരുതിയല്ലെന്ന് യോഗം വിലയിരുത്തി.

ജനറൽബോഡി വിളിച്ച് ചേർക്കാൻ ഭയപ്പെടുന്ന, തെരഞ്ഞെടുപ്പിന് കേവലം ആറുമാസം മാത്രം കാലാവധി ബാക്കിയുള്ള ഭരണസമിതി, മെമ്പർമാരായ മുഴുവൻ വ്യാപാരികളേയും വെല്ലുവിളിച്ചുകൊണ്ടാണ് ഈ തീരുമാനം നടപ്പാക്കുന്നതെന്ന് യോഗം ആരോപിച്ചു. സൊസൈറ്റിക്ക് ഭീമമായ ബാദ്ധ്യത വരുത്തി വെക്കുന്ന ഇത്തരം പ്രവർത്തിക്ക് കാലം മാപ്പു നൽകില്ലെന്നും യോഗം വിലയിരുത്തി.

ഏകോപന സമിതിയുടെ ചെലവിലും ,പാനലിലും മത്സരമൊഴിവാക്കി ഡയറക്ടർ ബോർഡിൽ എത്തിയ ചിലർ നടത്തിയ വഴിവിട്ട സാമ്പത്തിക ഇടപാടുകളെ എതിർത്തതിന്റെ പേരിലാണ് സംഘടനയുമായി ഭിന്നിച്ചു സൊസൈറ്റിയെ തകർക്കാൻ ശ്രമിക്കുന്നത്. ജനറൽബോഡി ചേർത്ത് ചർച്ച ചെയ്തു തീരുമാനമെടുത്ത് മാത്രമേ സൊസൈറ്റി മാറ്റി സ്ഥാപിക്കാവൂ എന്ന് സംഘടന ആവശ്യപ്പെട്ടിട്ടും,ചില അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഷിഫ്റ്റ് ചെയ്യാനുള്ള അനുവാദം വാങ്ങിയെടുക്കുകയായിരുന്നു.

സൊസൈറ്റി മാറ്റി സ്ഥാപിക്കുന്നതിനെതിരെ ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയും,സഹകരണ വകുപ്പിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നിട്ടും കാനറാ ബാങ്ക് പോലും ഉപേക്ഷിച്ചു പോയ ബിൽഡിങ്ങിലേക്ക് സൊസൈറ്റി പ്രവർത്തനം മാറ്റുകയാണ് ഉണ്ടായതെന്ന് യോഗം ചൂണ്ടിക്കാട്ടി.സാമ്പത്തിക ക്രമക്കേടുകൾക്കും,സംഘടനാ വിരുദ്ധ പ്രവർത്തനത്തിനും ശിക്ഷാ നടപടികൾക്ക് വിധേയരായവരുടെ നേതൃത്വത്തിലാണ് സൊസൈറ്റിയെ വ്യാപാരികളിൽ നിന്ന് അകറ്റാനുള്ള ശ്രമം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

യൂണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ അജിമോൻ കെ.എസ്,ഷാജിമോൻ നീലിമ,കെ.എ.സ്കറിയ,കെ.വി.റഫീക്ക്, സജി വർഗീസ്,ബാബു രാജേഷ്,ഗിരിഷ് വർണ്ണം, ജോസ്.പി,എം, സതീഷ്, ബാബു.എം.വി,എം. ജെ.ഉലഹന്നാൻ,സലീൽ പൗലോസ്,കെ.ജോസഫ്, വേണുഗോപാൽ,പൈലി.പി.എം,മനൂപ്, ശ്രീകുമാർ, പ്രഭാകരൻ,പ്രസന്നകുമാർ, നിതിൻ പെർഫെക്റ്റ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *