റോഡിലേക്ക് ഇടിഞ്ഞ് വീണ മണ്ണും, പടർന്നു കയറിയ കാടും, അപകട ഭീഷണിയുയർത്തി മാനന്തവാടി -കൈതയ്ക്കൽ റോഡ്
മാനന്തവാടി: റോഡരികിലേക്ക് മണ്ണിടിഞ്ഞ് വീഴുകയും, കാട് പാതയിലേക്ക് പടരുകയും ചെയ്തതോടെ മാനന്തവാടി-കൈതയ്ക്കൽ റോഡിൽ അപകടസാധ്യത വർധിക്കുന്നു. ശാന്തിനഗർ ഭാഗത്ത് ഏകദേശം 50 മീറ്ററോളം ദൂരത്തിലാണ് റോഡിലേക്ക് മണ്ണ് വീണ് ഒരാൾ ഉയരത്തിൽ കാട് പടർന്ന് വളർന്നുനിൽക്കുന്നത്. ഇതോടെ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ്. നല്ല നിലവാരത്തിലുള്ള റോഡായതിനാൽ വാഹനങ്ങൾ പലപ്പോഴും വളരെ വേഗത്തിലാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡിലേക്ക് കാട് കയറിയതോടെ കാൽനടയാത്രക്കാർക്ക് റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. വളവുകളിലും മറ്റും കാട് കാഴ്ച്ച മറയ്ക്കുന്നതിനാൽ എതിർദിശയിൽനിന്ന് എത്തുന്ന വാഹനങ്ങൾ അടുത്തെത്തിയ ശേഷമാണ് ്രെഡവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. വാഹനങ്ങൾ പരസ്പരം മറികടക്കുമ്പോഴും അപകടസാധ്യതയേറെയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ അപകടങ്ങളും നടന്നിരുന്നു.
മാനന്തവാടിയിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള എളുപ്പവഴികളിലൊന്നായ ഈ പാത വള്ളിയൂർക്കാവ്, പയ്യമ്പള്ളി, പുൽപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്കും പ്രധാന ആശ്രയമാണ്. കെ.എസ്.ആർ.ടി.സിയുടെ മിന്നൽ സർവീസ് ഉൾപ്പെടെ ദിവസേന നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. റോഡ് നിർമാണത്തിലെ അപാകതയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് വികസനത്തിനായി സ്വകാര്യ വ്യക്തികളിൽനിന്ന് സ്ഥലം ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി മണ്ണും മതിലിൻ്റെ ഭാഗങ്ങളും റോഡിലേക്ക് വീണെങ്കിലും നിർമാണസമയത്ത് ഇവ പൂർണമായി നീക്കം ചെയ്തില്ലെന്നാണ് ആരോപണം. പിന്നീട് ഇവിടെ കൂട്ടിക്കിടന്ന മണ്ണിൽ കാട് വളർന്ന് റോഡിലേക്ക് പടരുകയായിരുന്നു.
റോഡ് വികസനത്തിൻ്റെ ഭാഗമായി വീതി കൂട്ടിയെങ്കിലും കാട് പടർന്നതോടെ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കാത്ത സ്ഥിതിയാണ്. റോഡരികിലെ മണ്ണ് നീക്കം ചെയ്യാത്തതിനാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള കിണറും അപകടാവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു.
റോഡ് നിർമാണം പൂർത്തിയായി ഒരു വർഷത്തോളമായിട്ടും കാടും മണ്ണും നീക്കം ചെയ്യാത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പൊതുമരാമത്ത് വകുപ്പും റോഡ് നിർമാണം ഏറ്റെടുത്ത കേരള റോഡ് ഫണ്ട് ബോർഡും (കെ.ആർ.എഫ്.ബി) പരസ്പരം ഉത്തരവാദിത്വം ചൂണ്ടിക്കാട്ടുകയാണെന്നും അടിയന്തരമായി കാട് വെട്ടിമാറ്റി മണ്ണ് നീക്കം ചെയ്ത് യാത്രാസുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
