പേവിഷ പ്രതിരോധം: വയനാട്ടിൽ കുത്തിവയ്പ്പിനു വിധേയമാക്കുന്ന നായകളുടെ എണ്ണത്തിൽ വർധന
കല്‍പ്പറ്റ: വയനാട്ടില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കന്ന നായകളുടെ എണ്ണത്തില്‍ വര്‍ധന. 2024-25ല്‍ 8,494 വളര്‍ത്തുനായകളെയും 1,201 തെരുവുനായകളയെമാണ് വാക്‌സിനേഷന് വിധേയമാക്കിയത്. 2025-26ല്‍ ഇത് യഥാക്രമം 9,889 ഉം 3239 ഉം ആയി വര്‍ധിച്ചു. ഈ വര്‍ഷം ഇതുവരെ 4,300 വളര്‍ത്തുനായകള്‍ക്കും 1,820 തെരുവുനായക്കള്‍ക്കും കുത്തിവയ്പ്പ് നല്‍കി.
പേവിഷ പ്രതിരോധത്തിന് വാര്‍ഷിക കുത്തിവയ്പ്പാണ് പോംവഴിയെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ.ആര്‍. അജി പറഞ്ഞു. വീടുകളില്‍ കുടുംബാംഗങ്ങളുമായി അടുത്തുകഴിയുന്ന വളര്‍ത്തുനായകള്‍ക്കും പൂച്ചകള്‍ക്കും പ്രതിരോധ കുത്തിവയ്പ് അത്യന്താപേക്ഷിതമാണ്.
നായയുടെ കടിയേറ്റാല്‍ ഉടന്‍ കടിയേറ്റ ഭാഗം മുഴുവന്‍ 15 മിനിറ്റോളം വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകണം. മുറിവിലുള്ള വൈറസിനെ നീക്കാനും നശിപ്പിക്കുവാനും ഇത് സഹായിക്കും. അതിനുശേഷം അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ എത്തി ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധ കുത്തിവയ്പ്പും മറ്റു ചികിത്സകളും സ്വീകരിക്കണം. പേവിഷ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കിയ പട്ടിയും പൂച്ചയും കടിക്കുകയോ മാന്തുകയോ ചെയ്താലും പ്രതിരോധ വാക്‌സിന്‍ എടുക്കണം.
സ്വഭാവത്തിന് പെട്ടെന്നുള്ള മാറ്റം, അമിതമായ രീതിയില്‍ ഉമിനീരൊഴുക്ക്, വെള്ളം നക്കിക്കുടിക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാനുള്ള പ്രയാസം, അസാധാരണമായ ശബ്ദപ്രകടനങ്ങള്‍, അമിതമായ അക്രമണ സ്വഭാവം, തളര്‍ച്ച, നടക്കുന്നതില്‍ ഏകോപനമില്ലായ്മ, ശരീരത്തിന്റെ പിന്‍ഭാഗത്തിനും കാലുകള്‍ക്കും തളര്‍ച്ച എന്നിവ നായ്ക്കളിലെയും പൂച്ചകളിലെയും പേവിഷ ബാധ ലക്ഷണങ്ങളാണ്.
