കൽപറ്റ മുനിസിപ്പാലിറ്റി സ്കൂളുകൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു
കൽപറ്റ: കൽപറ്റ മുനിസിപ്പാലിറ്റിയുടെ 2026-27വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വിദ്യാലയങ്ങൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. വിദ്യാർഥികൾക്ക് വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് പഠിച്ചു മുന്നേറുവാനും ലിറ്റിൽ കൈറ്റ് ജൂനിയർ, ഡിജിറ്റൽ സ്ക്വയർ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിനും ഈ പദ്ധതി ഉപകാരപ്രദമാകും.
ലാപ്ടോപ്പ് വിതരണം കൽപറ്റ നഗരസഭ ചെയർപേഴ്സൺ പി. വിശ്വനാഥൻ കൽപറ്റ എസ് കെ എം ജെ എച്ച് എസ് എസ് ഹെഡ് മാസ്റ്റർ എം.പി കൃഷ്ണകുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. കൽപറ്റ നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ ആർ ബിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൻ എസ് സൗമ്യ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി ജി ബീന, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് റാഫിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശശിധരൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ പി.ടി .വർഗീസ് എന്നിവർ സംസാരിച്ചു. ചടങ്ങിന് കൽപറ്റ ഗവഃ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി. ടി സജീവൻ സ്വാഗതവും എച്ച് ഐ എം യു പി സ്കൂൾ ഹെഡ് മാസ്റ്റർ കെ അലി നന്ദിയും പറഞ്ഞു
