വയനാടിന്റെ അഭിമാനം; സജനയും മിന്നുമണിയും ഡബ്ല്യുപിഎല്ലിൽ വീണ്ടും
മാനന്തവാടി: പരിമിതമായ സൗകര്യങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് ദേശീയ വനിതാ ക്രിക്കറ്റിന്റെ ഉയരങ്ങളിലെത്തിയ വയനാടിന്റെ താരങ്ങളായ സജന സജീവനും മിന്നുമണിയും വനിതാ പ്രീമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) തങ്ങളുടെ ടീമുകളിൽ വീണ്ടും ഇടം നേടി. ഡബ്ല്യുപിഎൽ 2027 സീസണിലേക്കുള്ള നിലനിർത്തലിൽ സജന സജീവനെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയപ്പോൾ, മിന്നുമണിയെ ഡൽഹി ക്യാപിറ്റൽസും നിലനിർത്തി. ഇതോടെ ഇരുതാരങ്ങൾക്കും അടുത്ത ഡബ്ല്യുപിഎൽ അധ്യായത്തിലും തങ്ങളുടെ ടീമുകൾക്കായി കളിക്കാനുള്ള അവസരം ഒരുങ്ങി.വയനാട് പോലെയുള്ള താരതമ്യേന പിന്നാക്ക ജില്ലയിൽ നിന്ന് പരിമിതമായ സാഹചര്യങ്ങളോട് പൊരുതി കഠിനാധ്വാനത്തിലൂടെയാണ് സജനയും മിന്നുമണിയും ഇന്ത്യൻ വനിതാ ക്രിക്കറ്റിൻ്റെ ശ്രദ്ധേയ സാന്നിധ്യങ്ങളായി വളർന്നത്. ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് കരുത്തേകുന്ന നേട്ടം കൂടിയാണ് ഇരുവരുടെയും ഡബ്ല്യുപിഎൽ നിലനിർത്തൽ.
മുംബൈ ഇന്ത്യൻസ് ജഴ്സിയിൽ സജനയും ഡൽഹി ക്യാപിറ്റൽസിൻ്റെ നിറങ്ങളിൽ മിന്നുമണിയും വീണ്ടും കളത്തിലിറങ്ങുമ്പോൾ, അത് വയനാടിന്റെ കായികപ്രേമികൾക്ക് ഇരട്ട അഭിമാനത്തിന്റെ നിമിഷമാകും. സ്വന്തം നാട്ടിലെ പരിമിതികൾ അതിജീവിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളർന്ന ഈ രണ്ട് താരങ്ങളുടെ മുന്നേറ്റം വയനാട്ടിലെ പുതുതലമുറയ്ക്കും വലിയ പ്രചോദനമാണ്.
