മാനന്തവാടി – നിരവിൽപുഴ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് പുനരാരംഭിക്കണം: എം.എസ്.എസ്. നിവേദനം നൽകി
മാനന്തവാടി: മാനന്തവാടിയിൽ നിന്നും നിരവിൽപുഴയിലേക്ക് കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്.) കമ്മിറ്റി ഭാരവാഹികൾ ഉഷാ വിജയൻ എം.എൽ.എ.ക്ക് നിവേദനം നൽകി. മുൻപ് മാനന്തവാടിയിൽ നിന്നും നിരവിൽപുഴയിലേക്ക് കെ.എസ്.ആർ.ടി.സി. നിരവധി സർവീസുകൾ നടത്തിയിരുന്നു. അതിനു പുറമെ വർഷങ്ങൾക്ക് മുമ്പ് നിരവിൽപുഴയ്ക്ക് അഞ്ച് ചെയിൻ സർവീസുകൾ അനുവദിച്ചുകൊണ്ട് ഉത്തരവും ഇറങ്ങിയിരുന്നു. എന്നാൽ ഇവയൊന്നും നടപ്പിലായില്ലെന്ന് മാത്രമല്ല, നിലവിൽ ഒരൊറ്റ കെ.എസ്.ആർ.ടി.സി. ബസ് പോലും നിരവിൽപുഴയ്ക്ക് സർവീസ് നടത്തുന്നില്ല. എപ്പോഴെങ്കിലും നാട്ടിലേക്ക് പോകുന്ന ബസുകൾ മാത്രമാണ് നിലവിൽ യാത്രക്കാർക്ക് ആശ്രയം. പ്രദേശത്ത് യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച പ്രൈവറ്റ് ബസുകളല്ലാതെ, ഈ അടുത്തകാലത്തൊന്നും പുതിയ പ്രൈവറ്റ് ബസുകൾക്കും പെർമിറ്റ് നൽകിയിട്ടില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഉസ്മാൻ പള്ളിയാൽ, പുതിയാണ്ടി മമ്മൂട്ടി മാസ്റ്റർ, അഡ്വ. സത്താർ മായൻ, കെ.സി. അയ്യൂബ്, അത്തിലൻ ഇബ്രാഹിം ഹാജി തുടങ്ങിയവർ നിവേദക സംഘത്തിൽ പങ്കെടുത്തു
