പോലീസിലെ ഘടനാ മാറ്റം;വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങൾ.15 പോലീസ് സ്റ്റേഷനുകളിൽ ചുമതല സബ് ഇൻസ്പെക്ടർമാർക്ക്ഏഴു പുതിയ സർക്കിളുകൾ
കൽപ്പറ്റ: കേരളം പോലീസിനെ കൂടുതൽ ജനസൗഹൃദപരവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി പ്രകാരം വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങൾ. പോലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ. ഘടനാവ്യത്യാസം വരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്റ്റേഷനുകളിലും ചുമതല മാറ്റങ്ങളുണ്ടാകും. ഇൻസ്പെക്ടർ എസ്.എച്ച്.ഒമാരുടെ ചുമതലയിലുണ്ടായ ജില്ലയിലെ 18 പോലീസ് സ്റ്റേഷനുകളിൽ 15 എണ്ണത്തിന്റെയും ചുമതലകൾ സബ് ഇൻസ്പെക്ടർമാർക്ക് കൈമാറും. കൽപ്പറ്റ, ബത്തേരി സ്റ്റേഷനുകളിലും സൈബർ പോലീസ് സ്റ്റേഷനിലും ഇൻസ്പെക്ടർ എസ്.എച്ച്.ഒമാർക്ക് തന്നെയായിരിക്കും ചുമതല. കേസുകളുടെ എണ്ണം , ലോ ആൻഡ് ഓർഡർ പ്രശ്നങ്ങൾ എന്നിവ പരിഗണിച്ച് കല്പറ്റ, ബത്തേരി സ്റ്റേഷനുകളിലും, ഐ.ടി, സൈബർ കുറ്റ കൃത്യങ്ങൾ വർധിച്ചു വരുന്നതിനാലും ബന്ധപ്പെട്ട കേസുകളുടെ അന്വേഷണച്ചുമതല ഇൻസ്പെക്ടറിനോ അതിനുമുകളിലോ ഉള്ള ഉദ്യോഗസ്ഥർക്കായതിനാലും സൈബർ ക്രൈം പോലീസ് സ്റ്റേഷനിലും ചുമതല ഇൻസ്പെക്ടർക്ക് തന്നെയാക്കി നിലനിർത്തി.
ഘടനാവ്യത്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സർക്കിളുകൾ രൂപവത്കരിച്ചാണ് സർക്കിൾ ഇൻസ്പെക്ടർമാർക്ക് (സി.ഐ.) ചുമതല നൽകുന്നത്. രണ്ടോ, മൂന്നോ സ്റ്റേഷനുകൾ ഒരു സർക്കിളിന്റെ കീഴിൽ വരും. ഓരോ സർക്കിളിന്റെയും ചുമതല സർക്കിൾ ഇൻസ്പെക്ടർമാർക്ക് നൽകും.
സർക്കിൾ പരിധിയിൽപെട്ട സ്റ്റേഷനുകളുടെ മേൽനോട്ടവും പ്രധാന കേസുകളുടെ അന്വേഷണച്ചുമതലയും സർക്കിൾ ഇൻസ്പെക്ടറിനുണ്ടാവും.
ജില്ലയിൽ ഏഴു സർക്കിളുകൾ
ജില്ലയിൽ ഏഴു സർക്കിളുകളാണ് ഉണ്ടാവുക. ഇൻസ്പെക്ടർ ചുമതലവഹിക്കുന്ന കല്പറ്റ, ബത്തേരി സ്റ്റേഷനുകൾ സർക്കിളിന്റെ പരിധിയിൽ വരില്ല. കൽപറ്റ ട്രാഫിക് യൂണിറ്റ് കൽപറ്റ സ്റ്റേഷനിലും, ബത്തേരി ട്രാഫിക് യൂണിറ്റും മുത്തങ്ങ ഔട്ട് പോസ്റ്റും ബത്തേരി സ്റ്റേഷൻ പരിധിയിലുമാണ് വരുക. മീനങ്ങാടി സർക്കിളിനു കീഴിൽ മാത്രമാണ് മൂന്നു പോലീസ് സ്റ്റേഷനുകൾ വരുന്നത്. ബാക്കി സർക്കിളുകൾക്ക് കീഴിൽ രണ്ടു പോലീസ് സ്റ്റേഷനുകൾ വീതമാണ് വരുന്നത്. കൂടാതെ കണ്ട്രോൾറൂമിന്റെ ചുമതല ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാവും.
ജിലയിലെ സർക്കിളുകളും പരിധിയിൽ വരുന്ന സ്റ്റേഷനുകളും
-വൈത്തിരി സർക്കിൾ
വൈത്തിരി, മേപ്പാടി സ്റ്റേഷനുകൾ
-കമ്പളക്കാട് സർക്കിൾ
കമ്പളക്കാട്,പടിഞ്ഞാറത്തറ
-മാനന്തവാടി സർക്കിൾ
മാനന്തവാടി, മാനന്തവാടി ട്രാഫിക് യൂണിറ്റ്, പനമരം
-തിരുനെല്ലി സർക്കിൾ
തിരുനെല്ലി, തലപ്പുഴ, കാട്ടിക്കുളം എയ്ഡ് പോസ്റ്റ്
-വെള്ളമുണ്ട സർക്കിൾ
വെള്ളമുണ്ട, തൊണ്ടർനാട്
-മീനങ്ങാടി സർക്കിൾ-
മീനങ്ങാടി, അമ്പലവയൽ, നൂൽപ്പുഴ, പാട്ടവയൽ ഔട്ട് പോസ്റ്റ്
-പുല്പള്ളി സർക്കിൾ
പുല്പള്ളി, കേണിച്ചിറ
