എസ്എഫ്ഐ അവകാശ പത്രികാ മാർച്ച് നടത്തി
കൽപറ്റ:നീറ്റ് പരീക്ഷ അട്ടിമറിച്ച് ഇരുപതിലധികം വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ അവകാശ പത്രികാ മാർച്ച് നടത്തി.
ആയിരത്തിയഞ്ഞൂറിലധികം വിദ്യാർഥികളെ അണിനിരത്തി കൽപറ്റ ഹെഡ്പോസ്റ്റ് ഓഫീസ് വളഞ്ഞായിരുന്നു എസ്എഫ്ഐയുടെ സമരജ്വാല. രാജ്യത്തിന്റെ ഭാവിയെ വെല്ലുവിളിക്കുന്ന നരേന്ദ്രമോദി സർക്കാരിനെ തെരുവിൽ ചോദ്യം ചെയ്യുകയായിരുന്നു. ഡൽഹിയിലെ പ്രക്ഷോഭകരെ നിഷ്ഠൂരമായി അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ ഇടിമുഴക്കമായി മുദ്രാവാക്യംമുഴങ്ങി. മോദി ജനാധിപത്യ ഇന്ത്യയുടെ അന്തകനാണെന്ന ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി കൽപറ്റ പുതിയ സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പൊലീസ് ബാരിക്കേഡു വച്ച് തടഞ്ഞു.
പൊലീസിനെയും ബാരിക്കേഡും മറികടന്ന് പ്രവർത്തകർ ഗെയ്റ്റ് കടന്ന് അകത്തുകയറി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് അപർണ ഗൗരി, സെക്രട്ടറി എം എസ് ആദർശ് ഉൾപ്പെടെയുള്ള പ്രവർത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്‌തുനീക്കി. പൊലീസ് വാഹനങ്ങൾക്കുള്ളിൽനിന്നും മുദ്രാവാക്യം മുഴക്കി വിദ്യാർഥികൾ പ്രതിഷേധിച്ചു. ജില്ലാ ഭാരവാഹികളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതിനെതിരെ നഗരത്തിൽ പ്രവർത്തകർ വീണ്ടും പ്രകടനം നടത്തി. എസ്എഫ്ഐ സർക്കാരിനുമുന്നിൽവയ്‌ക്കുന്ന അവകാശ പത്രിക അംഗീകരിക്കണമെന്ന ആവശ്യവും ഉയർത്തി.
കേന്ദ്രകമ്മിറ്റിഅംഗം ആര്യപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗുണ്ടായിസത്തിലൂടെ കേന്ദ്രസർക്കാർ ജനാധിപത്യസമരത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഒരിഞ്ച് പിറകോട്ടില്ലാതെ പ്രക്ഷോഭം രാജ്യമാകെ ആളിപ്പടരുമെന്ന് ആര്യപ്രസാദ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അപർണ ഗൗരി അധ്യക്ഷയായി. കേന്ദ്രകമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ, അഥീന ഫ്രാൻസിസ്, മുഹമ്മദ് ഷിബിലി, ഇ എ സായന്ത് കൃഷ്ണ, സി ആർ വിഷ്ണു, എ അബിൻ ബാബു, സച്ചു ഷാജി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം എസ് ആദർശ് സ്വാഗതം പറഞ്ഞു. ജില്ലയിലെ മുഴുവൻ കോളേജുകളിലും പ്രകടനവും അവകാശ ദിനവും നടത്തിയ ശേഷമാണ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയത്.
