തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അതിവേഗം 22 ബാറുകൾ; മിന്നൽ ഫയൽ നീക്കം അന്വേഷിക്കാൻ സർക്കാർ
തിരുവനന്തപുരം നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് രണ്ടര മാസത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ സംസ്‌ഥാനത്ത് 22 പുതിയ ബാറുകൾ അനുവദിച്ചു.
ജനുവരിയിൽ ഒൻപതും ഫെബ്രുവരിയിൽ മൂന്നും മാർച്ചിൽ പത്തും ബാറുകൾക്കാണു ലൈസൻസ് നൽകിയത്. ബാറുകളുടെ പ്രവൃത്തിസമയം ഒരു മണിക്കൂർ ദീർഘിപ്പിച്ച് ഫെബ്രുവരിയിലെടുത്ത തീരുമാനം ഇതിനു പുറമേയാണ്.
തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബാറുടമകൾക്ക് അനുകൂലമായി എൽഡിഎഫ് സർക്കാരിന്റെ അതിവേഗ ഫയൽ നീക്കം അന്വേഷിക്കാൻ യുഡിഎഫ് സർക്കാർ ആലോചിക്കുന്നുണ്ട്. പ്രവൃത്തിസമയം രാത്രി 11ൽനിന്ന് 12 വരെ നീട്ടിയ നടപടി ബാർ ജീവനക്കാരുടെ പരാതിയെത്തുടർന്ന് പുനഃപരിശോധിക്കാനും ആലോചനയുണ്ട്.
ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ 29 ബാറുകളാണു സംസ്ഥാനത്തുണ്ടായിരുന്നത്. കഴിഞ്ഞമാസം അവസാനം വരെയുള്ള കണക്കനുസരിച്ച് ബാറുകളുടെ എണ്ണം 903 ആയി. ബവ്റിജസ് ഷോപ്പുകളുടെ എണ്ണത്തിൽ കാര്യമായ വർധനയ്ക്ക മുതിരാത്ത സർക്കാർ, സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് ബാറുകളെ പ്രോത്സാഹിപ്പിച്ചെന്നാണ് ആരോപണം.
ഇപ്പോൾ ബാർ ലൈസൻസുള്ളവയിൽ 512 എണ്ണം ത്രീ സ്റ്റാർ ഹോട്ടലുകളാണ്. ഇതിനു പുറമേ 308 ഫോർ സ്റ്റാർ ഹോട്ടലുകൾക്കും 57 ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കും 26 ഹെറിറ്റേജ് ഹോട്ടലുകൾക്കും ബാർ ലൈസൻസുണ്ട്. ബവ്റിജസ് കോർപറേഷനു കീഴിൽ 285, കൺസ്യൂമർഫെഡിനു കീഴിൽ 46 എന്നിങ്ങനെയാണ് മദ്യവിൽപനശാലകളുടെ എണ്ണം.
