ഓണത്തിന് ട്രെയിനിൽ ഇന്ത്യ ചുറ്റാം; 33% സബ്‌സിഡിയോടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ, കേരളത്തിൽ 8 സ്റ്റോപ്പുകൾ
കൊച്ചി: ഓണക്കാലം യാത്രകൾക്കായി മാറ്റിവെക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 33 ശതമാനം സബ്‌സിഡിയോടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ സർവീസ് ഒരുങ്ങുന്നു.
ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന യാത്ര 11 ദിവസം നീണ്ടുനിൽക്കും. ഡൽഹി, ആഗ്ര, ജയ്പുർ, അമൃത്സർ, സ്റ്റാച്യു ഓഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ എന്നിവിടങ്ങളിൽ ട്രെയിനിൽ കയറാനുള്ള സൗകര്യമുണ്ടാകും.
സ്വകാര്യ മേഖലയിലെ ആദ്യ സേവനദാതാവായ സൗത്ത് സ്റ്റാർ റെയിലും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടൂർ ഓപ്പറേറ്ററായ ടൂർ ടൈംസും ചേർന്നാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇന്ത്യൻ റെയിൽവേയുടെ 33 ശതമാനം സബ്‌സിഡിയോടെയാണ് ടൂർ പാക്കേജ് ഒരുക്കിയിരിക്കുന്നത്.
യാത്രക്കാർക്കായി പി.എ. സംവിധാനം, പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർ, ടൂർ മാനേജർമാർ എന്നിവരുടെ സേവനവും ലഭ്യമാകും. ഇൻഷുറൻസ്, ഹോട്ടൽ താമസം, ഭക്ഷണം എന്നിവ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എൽ.ടി.സി., എൽ.എഫ്.സി. ആനുകൂല്യങ്ങളും യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം.
ടിക്കറ്റ് നിരക്ക്
സ്ലീപ്പർ ക്ലാസ്: 28,750
തേർഡ് എ.സി.: 39,950
സെക്കൻഡ് എ.സി.: 49,950
ഫസ്റ്റ് എ.സി.: 58,950
ബുക്കിങ്ങിനായി 7305 85 85 85 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.tourtimes.in സന്ദർശിക്കുകയോ ചെയ്യാം.
