Event More NewsFeature NewsNewsPoliticsPopular NewsRecent News

ലോക ലഹരി വിരുദ്ധ ദിനം.ലഹരി വിരുദ്ധ പരിപാടികളുമായി ലൂയിസ് മൗണ്ട് ആശുപത്രി.

ചെന്നലോട്: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’-നോട് സഹകരിച്ച് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന വിവിധ ലഹരി വിരുദ്ധ പരിപാടികൾക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് തുടക്കം കുറിച്ചു.

ലഹരി ഉപയോഗം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയും, യുവജനങ്ങളെ ലഹരിയിൽ നിന്ന് അകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിൻസി സണ്ണി, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി വട്ടത്തറ, ചെന്നലോട് സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്ങൽ, സിസ്റ്റർ എൽസ ടോം, മനോരോഗ വിദഗ്ധരായ ഡോ. മെഹബൂബ് റസാഖ്, ഡോ. ധന്യ പി. എം., ഡോ. സച്ചിൻ സാന്റി, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ലിൻജോ സി. ജെ. തുടങ്ങിയവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ് മാത്യു സ്വാഗതവും സൈക്യാട്രിക് സോഷ്യൽ വർക്കർ സിസ്റ്റർ ആൻ മരിയ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ലൂയിസ് മൗണ്ട് ഹോസ്പിറ്റലിലെ ഇന്റേൺഷിപ്പ് വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന വിവിധ ബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ചു. വിദ്യാർഥികളുടെ പ്രകടനങ്ങൾ ചടങ്ങിൽ പങ്കെടുത്തവരുടെ ശ്രദ്ധ ആകർഷിക്കുകയും മികച്ച പ്രതികരണം നേടുകയും ചെയ്തു. ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസുകൾ, വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി പ്രത്യേക പരിപാടികൾ, ലഹരി വിരുദ്ധ പ്രതിജ്ഞ, റാലി, കൗൺസലിങ് സേവനങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിന് പൊതുസമൂഹത്തിന്റെ സജീവ പങ്കാളിത്തം അനിവാര്യമാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *