Feature NewsNewsPopular NewsRecent News

‘അമ്മ’യിൽ ഇനിയൊരു സ്ഥാനത്തേക്ക് ഞാനില്ല, ഒപ്പം നിൽക്കുന്നവരുടെ ഹൃദയത്തിലെ ഈ സ്ഥാനമാണ് ഏറ്റവും വലിയ പുരസ്കാരം’; നന്ദി പറഞ്ഞ് അൻസിബ

കൊച്ചി: ‘അമ്മ’യിലെ തർക്കങ്ങളിലും
നിയമപോരാട്ടത്തിലും തനിക്കൊപ്പം
നിന്നവർക്ക് നന്ദി പറഞ്ഞ് നടി അൻസിബ
ഹസ്സൻ. ‘അമ്മ’ സംഘടനയിൽ ഇനി ഒരു
ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ
സ്ഥാനങ്ങൾ വഹിക്കാനോ ആഗ്രഹിക്കുന്നില്ല.
ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും
ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ്
ഏറ്റവും വലിയ പുരസ്‌കാരം -അൻസിബ
പറഞ്ഞു.

‘എന്റെ ജീവിതയാത്രയിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ്. അതിന് വാക്കുകൾ കൊണ്ട് നന്ദി പറയുന്നത് അപൂർണ്ണമായിരിക്കും. ഒപ്പം നിൽക്കുന്ന ഓരോരുത്തരുടെയും ഹൃദയത്തിൽ എനിക്ക് ലഭിച്ച ഈ സ്ഥാനമാണ് എൻ്റെ ഏറ്റവും വലിയ പുരസ്കാരം. ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട്, ഇനി ഒരു ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാനോ സ്ഥാനങ്ങൾ വഹിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ യുവനിര ഇതിനായി കടന്നുവരട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.’ -അൻസിബ വാർത്താക്കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം ‘അമ്മ’ ജനറൽ ബോഡിയിൽ അൻസിബ തൻ്റെ നിലപാട് ശക്തമായി അവതരിപ്പിച്ചിരുന്നു. സംഘടനയിലെ അനീതികൾ ഓരോന്നായി ചൂണ്ടിക്കാട്ടിയ അൻസിബയുടെ പ്രസംഗത്തിന് വ്യാപക പ്രശംസ ലഭിച്ചിരുന്നു. എല്ലാം തുറന്നുപറയാനായതിൽ സമാധാനമുണ്ടെന്നും ഇപ്പോഴെങ്കിലും നീതി കിട്ടിയെന്ന് തനിക്ക് പറയാനാകുമെന്നും അൻസിബ പ്രതികരിച്ചിരുന്നു.

‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ വരണമെന്ന് ഇന്നലെ മാലാ പാർവതി പറഞ്ഞിരുന്നു. മറ്റ് നിരവധി പേരും അൻസിബ അമ്മ നേതൃത്വത്തിലേക്ക് വരണമെന്ന് അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

അതിനിടെ, ‘അമ്മ’യിൽ ശ്വേത മേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്മിറ്റിയിൽ നിന്ന് രാജിവെച്ച ട്രഷറർ ഉണ്ണി ശിവപാലിനെ പിന്തുണച്ച് നടൻ ജഗദീഷ് രംഗത്തെത്തി. ഉണ്ണി ശിവപാലിനെ അവധിയെടുപ്പിച്ചതിന്റെ കാരണം സംഘടനയെ ബോധ്യപ്പെടുത്താനായില്ല. സംഘടനാ റിപ്പോർട്ടും കണക്കും അവതരിപ്പിച്ച രീതി സംശയമുണ്ടാക്കി. ആരോപണ വിധേയരെ വീണ്ടും സംഘടനയിൽ കൊണ്ടുവരുന്നത് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഒരു പത്രത്തിൽ എഴുതിയ ലേഖനത്തിൽ ജഗദീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *