Feature NewsNewsPopular NewsRecent News

‘അന്ന് ബസിൽ യാത്ര ചെയ്തപ്പോൾ പരിഹാസം, ഇന്ന് അഭിമാനം; മെഡിക്കൽ കോളജുകളിൽ ട്രാൻസ്ജൻഡേഴ്‌സിനു സ്പെഷൽ വാർഡ്’

തിരുവനന്തപുരം “പണ്ട് കാലങ്ങളിൽ കെഎസ്ആർടിയിൽ യാത്ര ചെയ്യുമ്പോൾ വലിയ രീതിയിലുള്ള പരിഹാസങ്ങൾ കേട്ടിട്ടുണ്ട്. ഇപ്പോൾ തുല്യനീതി കിട്ടിയിരിക്കുകയാണ്. ഇന്ന് കേരളവും രാജ്യവും സംസാരിക്കുന്നത് സ്ത്രീകൾക്കൊപ്പം ട്രാൻസ്ജൻഡേഴ്‌സും സൗജന്യമായി യാത്ര ചെയ്യുന്നതിനെപ്പറ്റിയാണ്. ഒരുപാട് അഭിമാനമുണ്ട്’ – തമ്പാനൂർ ബസ് സ്റ്റാൻഡിൽ പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന ബസ്സിൽ നിന്ന് സംസാരിക്കവെ ട്രാൻസ്ജൻഡർ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അമയ പ്രസാദ് മനോരമ ഓൺലൈനോട് പറഞ്ഞു. ട്രാൻസ്ജൻഡേഴ്സിനുള്ള സൗജന്യയാത്രയുടെ ഉദ്ഘാടനം അമയ പ്രസാദിന് ടിക്കറ്റ് നൽകിയാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ട്രാൻസ്ജൻഡേഴ്സ‌സിനെ പദ്ധതിയിൽ ഉൾപ്പെടുത്താനായി നടത്തിയ പരിശ്രമങ്ങളെപ്പറ്റി അമയ പ്രസാദ്
സംസാരിക്കുന്നു…
“കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചപ്പോൾ തന്നെ ട്രാൻസ്ജൻഡേഴ്സിനു എന്തുകൊണ്ട് സൗജന്യയാത ആയിക്കൂടാ എന്ന ചിന്ത എനിക്ക് തോന്നിയിരുന്നു. 10 വർഷം യുഡിഎഫിനു ഭരണം ഇല്ലായിരുന്നു. ഭരണം ലഭിച്ചപ്പോൾ ട്രാൻസ്‌ജൻഡർ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ എന്ന നിലയിൽ എന്നെക്കൊണ്ട് പറ്റുന്ന കാര്യങ്ങൾ ചെയ്യണമെന്നുണ്ടായിരുന്നു. സൗജന്യയാത്രയെപ്പറ്റി ഞാൻ ട്രാൻസ്ജൻഡർ കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയിൽ അറിയിച്ചു. ഇതിനുപിന്നാലെയാണ് ഞങ്ങൾ ഗതാഗത മന്ത്രി സി.പി. ജോണിനെ നേരിൽ കാണുന്നത്.

കാര്യങ്ങളെല്ലാം വ്യക്തമായി പറഞ്ഞപ്പോൾ അതിനെന്താ, നമുക്ക് ചെയ്യാമല്ലോ എന്നാണ് സി.പി. ജോൺ പറഞ്ഞത്.

ട്രാൻസ്ജൻഡേഴ്‌സ്‌ സംസ്‌ഥാനത്ത് എത്ര പേരുണ്ട്, ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു. ന്യൂനപക്ഷമായി നിൽക്കുന്ന ആൾക്കാരല്ലേ നിങ്ങൾ, ഒരുപാട് പേരില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാണ് ബാക്കി കാര്യങ്ങൾക്ക് മുൻകയ്യെടുത്തത്. അതിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും ഞങ്ങളുടെ ആവശ്യം സ്നേഹത്തോടെ കേട്ടു. നമുക്ക് കാര്യങ്ങൾ നോക്കാം, വകുപ്പ് മന്ത്രിയോട് പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്” -അമയ പ്രസാദ് ഓർക്കുന്നു.

കേരളത്തിലെ എല്ലാ മെഡിക്കൽ കോളജുകളിലും ട്രാൻസ്ജൻഡേഴ്‌സിനു സ്പെഷൽ വാർഡ് എന്ന കാര്യം ആരോഗ്യ വകുപ്പിന്റെ പരിഗണനയിലാണ്. ഞങ്ങൾ ആവശ്യപ്പെട്ടത് അനുസരിച്ച് മന്ത്രി കെ. മുരളീധരൻ അതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. അത് മെഡിക്കൽ കോളജുകളിൽ മാത്രമല്ല താലൂക്ക് ആശുപത്രികളിൽ വരെ വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങൾ ചികിത്സയ്ക്ക് പോകുമ്പോഴൊക്കെ പരിഹാസം നേരിടാറുണ്ട്. ഞങ്ങളും മനുഷ്യരാണ്. ക്യൂവിൽ നിൽക്കുമ്പോഴാണ് കൂടുതൽ കളിയാക്കലുകൾ. ഡോക്ട‌ർമാർക്കും നഴ്സുമാർക്കും ഉൾപ്പെടെ ബോധവൽക്കരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്പെഷൽ കെയറുണ്ടാകുമെന്ന് മുരളീധരൻ സർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അമയ പ്രസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *