എടക്കൽ’ മുതൽ ‘കാന്തൻപാറ’ വരെ; കലോത്സവ വേദികളിൽ വിരിയുന്നത് വയനാടിൻ്റെ സൗന്ദര്യവും പൈതൃകവും
മുട്ടിൽ: വയനാടിന്റെ വിനോദസഞ്ചാര-പൈതൃക ഭൂപടത്തിലെ പ്രശസ്തമായ എട്ട് ഇടങ്ങളുടെ പേരുകൾ കലോത്സവ വേദികൾക്ക് നൽകിയതാണ് ഇത്തവണത്തെ മേളയുടെ ഏറ്റവും വലിയ ആകർഷണം. ചരിത്രമുറങ്ങുന്ന ‘എടക്കൽ’ ആണ് പ്രധാന വേദിയായ ഒന്നാം വേദി. ‘കുറുവ’, ‘ബാണാസുര’, ‘ചെമ്പ്ര’, ‘കാരാപ്പുഴ’, ‘സൂചിപ്പാറ’, ‘പൂക്കോട്’, ‘കാന്തൻപാറ’ എന്നിവയാണ് മറ്റ് ഏഴ് വേദികൾ. വയനാടിന്റെ പ്രകൃതിസൗന്ദര്യത്തെയും പൈതൃകത്തെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന രീതിയിലാണ് ഈ വേദികളുടെ നാമകരണം. ഇതിൽ 1, 2, 5, 6, 7, 8 വേദികൾ ഡബ്ല്യു.എം.ഒ (WMO) ക്യാമ്പസിലും 3, 4 വേദികൾ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിലുമായാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ ദിവസമായ ഇന്നലെ സ്റ്റേജിതര മത്സരങ്ങൾ പൂർത്തിയായി. തുടർന്ന് ഇന്ന് തുടങ്ങി, ബുധൻ, വ്യാഴം (25, 26) തീയതികളിൽ രാവിലെ 9.30 മുതൽ ഈ എട്ട് വേദികളിലായി സ്റ്റേജിന മത്സരങ്ങൾക്ക് തുടക്കമാകും.
