വയനാട് റവന്യൂ ജില്ലാ സ്ക്കൂൾ കായികോത്സവം ഒക്ടോബർ 7 മുതൽ 9 വരെ
കൽപ്പറ്റ: വയനാട് റവന്യൂ ജില്ലാ സക്കൂൾ കായികോത്സവം ഒക്ടോബർ 7 മുതൽ 9 വരെ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ വയനാട് ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. അച്ചൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിലാണ് മൂന്നു ദിവസത്തെ കായികോത്സവം സംഘടിപ്പിക്കുന്നത്. ഉപജില്ലാ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കായികതാരങ്ങളാണ് ജില്ലാ കായികോത്സവത്തിൽ മാറ്റുരയ്ക്കുക. 96 ഓളം ഇനങ്ങളിലായി ആയിരത്തോളം കായികതാരങ്ങൾ പങ്കെടുക്കും. അധ്യാപകർക്കായി പ്രത്യേക മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒക്ടോബർ 7ന് രാവിലെ 10.30ന് രജിസ്ട്രേഷൻ ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശശീന്ദ്രവ്യാസ് വി.എ. പതാക ഉയർത്തുന്നതോടെ കായികോത്സവത്തിന് ഔപചാരിക തുടക്കമാകും. 1.30ന് മത്സരങ്ങൾ ആരംഭിക്കും. 100 മീറ്റർ, 600 മീറ്റർ, 1500 മീറ്റർ ഓട്ടമത്സരങ്ങൾക്കൊപ്പം പോൾ വാൾട്ട്, ഡിസ്കസ് ത്രോ, ഹർഡിൽസ്, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളും ആദ്യദിവസം നടക്കും.
ഒക്ടോബർ 8ന് രാവിലെ ഏഴിന് നടത്ത മത്സരം ആരംഭിക്കും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ കായികോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി മാർച്ച് പാസ്റ്റും ദീപശിഖാ പ്രയാണവും നടക്കും. ഓട്ടം, ജംബിംഗ്, ഡിസ്കസ് ത്രോ, ഹർഡിൽസ്, ഷോട്ട്പുട്ട്, ഹാമർ ത്രോ തുടങ്ങിയ മത്സരങ്ങളും രണ്ടാം ദിവസം നടക്കും.
ഒക്ടോബർ 9ന് രാവിലെ 7.30ന് അധ്യാപകരുടെ മത്സരങ്ങളോടെയാണ് മൂന്നാം ദിവസത്തെ പരിപാടികൾ ആരംഭിക്കുക. തുടർന്ന് ഓട്ട, ജംബിംഗ് മത്സരങ്ങൾ നടക്കും. റിലേ മത്സരങ്ങളോടെയാണ് കായികോത്സവത്തിന് സമാപനമാകുക. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മാനന്തവാടി എം.എൽ.എ ഉഷാ വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ ചെൽസസിനി വി. മുഖ്യാതിഥിയാകും.
പത്രസമ്മേളനത്തിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ജെറീഷ്, അച്ചൂർ ജി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് നജുമുദ്ധീൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി.എ., സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ വി., ഹെഡ്മിസ്ട്രസ് യാങ്സ്റ്റി, പബ്ലിസിറ്റി കമ്മിറ്റി ഭാരവാഹികളായ നാസർ എം., മൻസൂർ സി.ടി. എന്നിവർ പങ്കെടുത്തു.
