Feature NewsNewsPopular NewsRecent News

ക്ലൈമറ്റ് സ്‌മാർട്ട് കോഫി, കാർബൺ സന്തുലിത കോഫി പാർക്ക് പദ്ധതികൾ:എൻ ഐടി കാലിക്കട്ടുമായി ധാരണാപത്രത്തി ൽ ഒപ്പുവയ്ക്കാൻ കെസിഎല്ലിന് അനുമതി

കല്‍പ്പറ്റ: കാര്‍ബണ്‍ സന്തുലിത കോഫി പാര്‍ക്ക്, ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതികളുമായി കേരള കോഫി ലിമിറ്റഡ്(കെസിഎല്‍) മുന്നോട്ട്. രണ്ട് പദ്ധതികളുടെയും നിര്‍വഹണത്തിന് ആവശ്യമായ ശാസ്ത്രീയ പിന്തുണയ്ക്കും സാങ്കേതിക നവീകരണത്തിനും എന്‍ഐടി(നാഷണല്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ടെക്‌നോളജി)കാലിക്കട്ടുമായി ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കുന്നതിന് കെസിഎല്ലിന് സര്‍ക്കാര്‍ അനുമതി നല്‍കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌കരിച്ചതാണ് രണ്ട് പദ്ധതികളും. ഇവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമാണ് ധാരണാപത്രം ഒപ്പുവയ്ക്കാനുള്ള അനുമതിയിലൂടെ പ്രകടമാകുന്നത്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്തവിധം ധാരണയില്‍ ഏര്‍പ്പെടുന്നതിനാണ് അനുവാദം.
ഉത്പാദനക്ഷമതയും ഗുണനിലവാരവും മെപ്പെടുത്തി വയനാടന്‍ കാപ്പി അന്താരാഷ്ട്ര വിപണിയില്‍ കേരള കോഫി, വയനാട് ഫൈന്‍ ഇന്ത്യന്‍ റോബസ്റ്റ എന്നീ വാണിജ്യ നാമങ്ങളില്‍ ലഭ്യമാക്കാനും അതുവഴി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും ആവിഷ്‌കരിച്ചതാണ് ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതി. ഇതുമായി ബന്ധപ്പെട്ട് എന്‍ഐടി കാലിക്കട്ടുമായി ധാരണയിലെത്തുന്നതിന് ഓഗസ്റ്റ് ഏഴിന് ചേര്‍ന്ന ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി പദ്ധതി അവലോകയ യോഗം തീരുമാനിച്ചിരുന്നു.തുടര്‍ന്ന് കേരള കോഫി ലിമിറ്റഡ് ഡയറക്ടര്‍ നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ അനുമതി.
ഡോ.തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്ത് റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്‍ ജി. ബാലഗോപാല്‍ മേധാവിയായി ടീം രൂപീകരിച്ചായിരുന്നു ക്ലൈമറ്റ് സ്്മാര്‍ട്ട് കോഫി പദ്ധതിയുടെ പ്രാരംഭ നടപടികള്‍.
കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലാണ്(കെ-ഡിഐഎസി)ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. പിന്നീട് കെ-ഡിഐഎസിയില്‍നിന്നു വേര്‍പെടുത്തിയ പദ്ധതി കെസിഎല്ലിന്റെ ഭാഗമാക്കി. കാലാവസ്ഥ സൗഹൃദ കാപ്പിക്കൃഷി പ്രോത്സാഹനം, മൂല്യവര്‍ധിത കാപ്പി ഉത്പന്നങ്ങളുടെ നിര്‍മാണം, വയനാടന്‍ കാപ്പിക്ക് മികച്ച വില ഉറപ്പുവരുത്തല്‍ തുടങ്ങിയവ പദ്ധതി ലക്ഷ്യങ്ങളാണ്.
കല്‍പ്പറ്റയ്ക്കടുത്ത് പുഴമുടിയില്‍ ആരംഭിക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്കില്‍ ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് കെസിഎല്ലും എന്‍ഐടി കാലിക്കട്ടും ധാരണാപത്രത്തില്‍ ഒപ്പിടുന്നത്. പുഴമുടിയില്‍ വിലയ്ക്കുവാങ്ങിയ 20 ഏക്കര്‍ ഭൂമിയില്‍ 112.5 കോടി രൂപ മതിപ്പുചെലവിലാണ് കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. പി. രാജീവ് വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് കിഫ്ബിയുടെ കീഴില്‍ കോഫി പാര്‍ക്ക് ആരംഭിക്കുന്നതിന് നീക്കം നടന്നത്. പരിശീലന കേന്ദ്രം, പരിശോധനാകേന്ദ്രം, സര്‍ട്ടിഫിക്കേഷന്‍ സെന്റര്‍, കോഫി മ്യൂസിയം, കാപ്പി സംസ്‌കരണ കേന്ദ്രം തുടങ്ങിയവ കോഫി പാര്‍ക്കിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ഫണ്ടിംഗിലൂടെ എന്‍ഐടി കാലിക്കട്ട് നടപ്പാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാര്‍ക്കില്‍ ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്. എന്‍ഐടി കാലിക്കട്ടിന്റെ സാറ്റ്‌ലൈറ്റ് കേന്ദ്രമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഗവേഷണങ്ങള്‍ നടത്തുക എന്നിവ സെന്ററിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *