Feature NewsNewsPopular NewsRecent News

മഴ: വിളസംരക്ഷണത്തിന്നിർദേശങ്ങളുമായി കേരളകാർഷിക സർവകലാശാല

കല്‍പ്പറ്റ: ശക്തമായ മഴയെത്തുടര്‍ന്ന് കൃഷിയിടങ്ങളില്‍ വെള്ളക്കെട്ടും ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വിള സംരക്ഷണത്തിന് നിര്‍ദേശങ്ങളുമായി കാര്‍ഷിക സര്‍വകലാശാല. മഴ മാറിയ ഉടന്‍ കൃഷിയിടങ്ങളിലെ അധികജലം ഒഴുക്കിക്കളയുകയും ശാസ്ത്രീയ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു.
നെല്‍വയലുകളില്‍ നിലവിലെ കാലാവസ്ഥയില്‍ ബാക്ടീരിയല്‍ ലീഫ് ബ്ലൈറ്റ്(ഇല കരിച്ചില്‍ രോഗം) വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. രോഗം വരുന്നതിനുമുമ്പുതന്നെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസും 20 മില്ലി പച്ചചാണക തളിയും എന്ന കണക്കില്‍ ചേര്‍ത്ത് ഇലകളില്‍ നന്നായി തളിക്കണം. ഏക്കറിന് രണ്ട് കിലോഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ 20 തുണിസഞ്ചികളില്‍ (ഓരോ സഞ്ചിയിലും 100 ഗ്രാം വീതം) നിറച്ച് വയലിന്റെ വിവിധ ഭാഗങ്ങളില്‍വെള്ളത്തില്‍ ഇടണം. ബ്ലീച്ചിംഗ് പൗഡര്‍ നേരിട്ട് വയലില്‍ വിതറരുത്.
വാഴക്കൃഷിയില്‍ മഴക്കാലത്ത് റൈസോം റോട്ട്(മാണം അഴുകല്‍)രോഗം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ചാലുകള്‍ തുറന്ന് നീര്‍വാര്‍ച്ച ഉറപ്പാക്കണം. രോഗപ്രതിരോധത്തിന് ഒരു ലിറ്റര്‍ വെള്ളത്തിന് 20 ഗ്രാം എന്ന കണക്കില്‍ സ്യൂഡോമോണാസ് കലക്കി ഓരോ വാഴയുടെയും ചുവട്ടില്‍ അഞ്ച് ലിറ്റര്‍ വീതം ഒഴിക്കണം. ഗുരുതര രോഗം ബാധിച്ച ചെടികള്‍ ഉടന്‍ നീക്കം ചെയ്യണം.
കുരുമുളകില്‍ ദ്രുതവാട്ടവും കവുങ്ങില്‍ മഹാളിയും ജാതിയില്‍ ഇലകൊഴിച്ചില്‍ രോഗവും പടരാന്‍ സാധ്യതയേറെയാണ്. തോട്ടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുകയും രോഗം ബാധിച്ച ഇലകളും ഉണങ്ങിയ കൊമ്പുകളും ശേഖരിച്ച് കത്തിച്ചുനശിപ്പിക്കുകയും വേണം. മഴ മാറി ഇലകള്‍ ഉണങ്ങിയശേഷം ഒരു ശതമാനം ബോര്‍ഡോ മിശ്രിതം തളിക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായിക്കും.
തക്കാളി, മുളക്, വഴുതന, വെണ്ട, പയര്‍, പാവല്‍, പടവലം, വെള്ളരി തുടങ്ങിയവയില്‍ വേര് അഴുകല്‍, വാട്ടം, ഇലപ്പുള്ളി, കായ ചീയല്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ധിക്കാം. തോട്ടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ചാലുകള്‍ ഒരുക്കുകയും രോഗം ബാധിച്ച ഇലകളും കായ്കളും ശേഖരിച്ച് നശിപ്പിക്കുകയും വേണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി ചെടികളുടെ ചുവട്ടിലും ഇലകളിലും തളിക്കുന്നത് രോഗപ്രതിരോധത്തിന് ഉത്തമമാണ്. പടരുന്ന വിളകള്‍ക്ക് താങ്ങ് ഉറപ്പാക്കി കായ്കള്‍ മണ്ണില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
മഴ പെയ്യുന്ന സമയം കീടനാശിനികളും കുമിള്‍നാശിനികളും പ്രയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. മഴ അവസാനിച്ച് ഇലകള്‍ നന്നായി ഉണങ്ങിയശേഷമേ സസ്യസംരക്ഷണ നടപടികള്‍ സ്വീകരിക്കാവൂ.

Leave a Reply

Your email address will not be published. Required fields are marked *