Event More NewsFeature NewsNewsPoliticsPopular NewsUncategorized

പ്രൈമറി തലത്തിൽ ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി

പനമരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു.പി പ്രൈമറി വിഭാഗങ്ങളിലെ ഐ.ടി പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) വഴി നടപ്പാക്കുന്ന ‘ഡിജിറ്റൽ സ്‌ക്വയർ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഓൺലൈൻ ആയി നിർവഹിച്ചു. കൈറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഒരേസമയം സംഘടിപ്പിച്ച പ്രൈമറി സ്കൂൾ പ്രഥമാധ്യാപകരുടെ ശിൽപശാലയുടെ ഭാഗമായി ജില്ലയിൽ പനമരം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങും മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയുടെ ഔദ്യോഗിക മാർഗരേഖയും മന്ത്രി പ്രകാശനം ചെയ്തു.

ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ കളിയിലൂടെയുള്ള പഠനം , സർഗാത്മകത, സ്വയംപഠനശേഷി എന്നിവ വികസിപ്പിക്കാനാണ് ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ജികോംപ്രിസ് പോലുള്ള എജുടെയിൻമെന്റ് സോഫ്റ്റ്‌വെയറുകൾ, ഇ-ക്യൂബ് ലാംഗ്വേജ് ലാബുകൾ, ചിത്രരചനയ്ക്കും അനിമേഷനുമുള്ള സംവിധാനങ്ങൾ എന്നിവ പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി ഇതിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കാഴ്ചപരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഡിജിറ്റൽ സ്‌ക്വയർ ഡിസൈൻ ചെയ്തിരിക്കുന്നത്. സാങ്കേതികവിദ്യ കുട്ടികൾക്ക് ലഭ്യമാക്കുന്നതോടൊപ്പം അവരുടെ ഡിജിറ്റൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ‘സൈബർ സുരക്ഷാ പ്രൊട്ടോക്കോൾ 2026’ ശക്തമായി നടപ്പിലാക്കുമെന്നും, ഇതിനായി സ്കൂളുകളിലെ സൈബർ സേഫ്റ്റി കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുട്ടികളുടെ പഠനമികവ് വിലയിരുത്തുന്ന ‘താരാപഥം’ അക്കാദമിക മോണിറ്ററിങ് സംവിധാനം, വിദ്യാലയങ്ങളുടെ വിവരശേഖരമായ സ്കൂൾവിക്കി ശാക്തീകരിക്കുന്നതിനായി ‘സ്കൂൾവിക്കിത്തോൺ’, ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബുകൾ യു.പി തലത്തിലേക്ക് വ്യാപിപ്പിക്കൽ എന്നിവയും മന്ത്രി തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു.

പദ്ധതിയുടെ നടത്തിപ്പിനായി മുഴുവൻ ഐടി കോർഡിനേറ്റർമാർക്കും അധ്യാപകർക്കും കൈറ്റ് പ്രത്യേക പരിശീലനം നൽകുമെന്ന് പദ്ധതി വിശദീകരണം നടത്തി കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു .

ജില്ലാ കോർഡിനേറ്റർ ഹസീന സി, മാസ്ടർ ട്രെയിനർമാരായ മനോജ് കെ എം, പ്രിയ ഇ വി, ജിൻഷ തോമസ്, റൗഫ് കെ എസ്, അർഷദ് അലി എ കെ എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *