ദുരന്ത നിവാരണ ബോധവൽക്കരണ സെമിനാർ നടത്തി
പേരിയ: ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസ്സും ഓസ്ട്രേലിയൻ കോൺസുലേറ്റ് ജനറലും സംയുക്തമായി ദുരന്ത നിവാരണ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. ഉരുൾ പൊട്ടൽ, വെള്ളപ്പൊക്കം, അപകടങ്ങൾ, പാമ്പ് കടിയേൽക്കൽ, തീപ്പൊള്ളൽ, ഗ്യാസ് ചോർച്ച, തീപിടുത്തം, വന്യമൃഗ ആക്രമണം തുടങ്ങിയവയിൽ സന്നദ്ധ പ്രവർത്തകർ എപ്രകാരം പ്രവർത്തിക്കണമെന്ന് തീയ്യറിയും പ്രായോഗിക പരിശീലനങ്ങളുമാണ് സംഘടിപ്പിച്ചത്. മാനന്തവാടി ഫയർ സ്റ്റേഷൻ സീനിയർ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ സതീഷ് വിവിധങ്ങളായ ജീവൻ രക്ഷാപ്രവർത്തനങ്ങളെ കുറിച്ച് വിശദമായ ക്ലാസ്സുകൾ നയിച്ചു.
കൽപ്പറ്റ പൾസ് എമർജൻസി സെക്രട്ടറി സലീം പ്രവർത്തന രംഗത്ത് ആത്മധൈര്യത്തോടെ എപ്രകാരം പ്രവർത്തിക്കാം എന്നതും സന്നദ്ധ പ്രവർത്തകർ എടുക്കേണ്ട മുന്നൊരുക്കങ്ങൾ എന്നിവയെക്കുറിച്ചും ക്ലാസ്സുകൾ നയിച്ചു. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡന്റ് റാബിയ അബ്ബാസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രേയസ്സ് മാനന്തവാടി മേഖല ഡയറക്ർ ഫാ. തോമസ് തുണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ലത ബാലൻ മുഖ്യ സന്ദേശം നൽകി. ശ്രേയസ്സ് പ്രോഗ്രാം മാനേജർ ഷാജി കെ വി, മാനന്തവാടി മേഖല പ്രോഗ്രാം ഓഫീസർ പ്രമീള വിജയൻ, യൂണിറ്റ് പ്രസിഡന്റ്റ് ജോയി വർഗ്ഗീസ് തെങ്ങുംതോട്ടം ശ്രേയസ്സ് കോ ഓഡിനേറ്റർമാരായ മേരി നിഷ, ലനീഷ് കെ ജി, യൂണിറ്റ് ഡവലപ്പ്മെന്റ് ഓഫീസർ സിന്ധു ഷാജി എന്നിവർ സംസാരിച്ചു. പേരിയ പ്രദേശത്തെ ആറ് വാർഡുകളെ ഉൾപ്പെടുത്തി ദുരന്ത മാനേജ് പ്ലാൻ തയ്യാറാക്കുകയും 30 അംഗ സന്നദ്ധ സേന രൂപീകരിക്കുകയും ചെയ്തു. യൂണിറ്റ് കമ്മറ്റി അംഗങ്ങളായ മേരി എം എം, ജാസ്മിൻ മനോജ്, ഷൈനി, അച്ചൻ കുഞ്ഞ് പുത്തൻ പുര, ബേസിൽ പി. റോസമ്മ, ലീലാമ്മ മറിയാമ്മ എന്നിവർ നേതൃത്വം നൽകി.
