വൈത്തിരിയില്‍ പ്രാദേശിക കാലാവസ്ഥ കര്‍മപദ്ധതി ശില്‍പശാല സംഘടിപ്പിച്ചു
വൈത്തിരി: കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാത പതിരോധവും പ്രാദേശിക വികസന ഇടപെടലുകളുടെ ശക്തീകരണവും ലക്ഷ്യമിട്ട് പഞ്ചായത്തും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോളജിയും സംയുക്തമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഏകദിന പ്രാദേശിക കാലാവസ്ഥ കര്‍മപദ്ധതി ശില്‍പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. അതിതീവ്ര മഴ, പ്രളയം, മണ്ണടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തസാധ്യതകള്‍ മുന്‍നിര്‍ത്തി ശാസ്ത്രീയ അടിത്തറയുള്ള പ്രാദേശിക കാലാവസ്ഥാകര്‍മപദ്ധതിക്ക് രൂപം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഹ്യൂം സെന്റര്‍ ക്ലൈമറ്റ് ആക്ഷന്‍ ലീഡ് ജയ്ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ഹ്യൂം സെന്റര്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഹൃദ്യ രേവതി കാലാവസ്ഥാ കര്‍മപദ്ധതി അവതരിപ്പിച്ചു. പ്രാദേശിക ഭൂപ്രകൃതി, പ്രകൃതിവിഭവങ്ങള്‍, ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍, സമ്പദ്‌വ്യവസ്ഥ എന്നിവ അടിസ്ഥാനമാക്കിയുള്ള ആസൂത്രണത്തിന്റെ പ്രസക്തി അവര്‍ വിശദീകരിച്ചു. ഗ്രൂപ്പ് ചര്‍ച്ചയ്ക്കും ആശയരൂപീകരണത്തിനും മുനീര്‍, വിവേകാനന്ദ്, ആദിര്‍ഷ, സിദ്ധാര്‍ഥ് എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍, കര്‍ഷക സംഘടനാപ്രതിനിധികള്‍, അധ്യാപകര്‍, ആരോഗ്യ, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആര്‍ആര്‍ടി, ബിഎംസി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
