കള്ളാടി മണ്ണിടിച്ചിൽ: മരണപ്പെട്ട തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് മികച്ച ചികിത്സയും ഉറപ്പാക്കണം – എസ്.ഡി.ടി.യു
മേപ്പാടി: കള്ളാടിയിൽ ഉണ്ടായ ദാരുണമായ മണ്ണിടിച്ചിലിൽ തൊഴിലാളികൾ മരിക്കാനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവം അതീവ ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് എസ്ഡിടിയു (സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ) വയനാട് ജില്ലാ കമ്മിറ്റി.
മണ്ണിടിച്ചിലിൽ മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരവും കുടുംബത്തിന്റെ പുനരധിവാസത്തിനാവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ അടിയന്തരമായി നൽകണം അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ പൂർണമായും സൗജന്യമായി ഉറപ്പാക്കുകയും, അവർക്കും അർഹമായ നഷ്ടപരിഹാരം അനുവദിക്കുകയും വേണം.
സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കും ഉത്തരവാദികൾക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം. തൊഴിലാളികളുടെ ജീവനും സുരക്ഷയും ഉറപ്പാക്കുന്ന മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ ഉറപ്പുവരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
