Event More NewsFeature NewsNewsPoliticsPopular NewsRecent News

മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന: വയനാട് പ്രകൃതി സംരക്ഷണ സമിതി

കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയ ഭൂമികളില്‍നിന്നു നിയമവിരുദ്ധമായി മുറിച്ചതെന്നു കണ്ടെത്തി വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഫോറസ്റ്റ് ഡിപ്പോയിലേക്ക് മാറ്റിയ മരങ്ങള്‍ ലേലം ചെയ്യുന്നതിന് വനം വകുപ്പിനെ അനുവദിച്ച ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യാന്‍ ഇടയായിതിനു പിന്നില്‍ ഗുഢാലോചനയെന്ന്.
വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, ട്രഷറര്‍ ബാബു മൈലമ്പാടി, രാമകൃഷ്ണന്‍ തച്ചമ്പത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചതാണ് ഈ ആരോപണം.
മരംമുറിക്കേസ് പ്രതികളില്‍പ്പെട്ട വാഴവറ്റ റോജി അഗസ്റ്റിന്റെ റിവിഷന്‍ ഹര്‍ജിയിലാണ് ലേലം
ഹൈക്കോടതി തടഞ്ഞത്. റിവിഷന്‍ഹര്‍ജി തീര്‍പ്പാകുന്നതുവരെ ലേല നടപടികളുമായി മുന്നോട്ടുപോകരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. മരംമുറിക്കേസ് അട്ടിമറിക്കാന്‍ സര്‍ക്കാരും പ്രതികളും നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ ഫലമാണിത്. ഗവ.പ്ലീഡര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും സൗത്ത് വയനാട് ഡിഎഫ്ഒ മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ സമയബന്ധിതമായി ലഭ്യമാക്കിയില്ല. മുട്ടില്‍ മരംമുറിക്കേസില്‍ ഉള്‍പ്പെട്ട മരങ്ങള്‍ വനം വകുപ്പിന്റേതല്ലെന്നവകുപ്പു മന്ത്രിയുടെ വിചിത്രവാദവും ഇതോടുചേര്‍ത്ത് വായിക്കേണ്ടതുണ്ട്. സര്‍ക്കാരിന് ഉടമാവകാശമുള്ള മരങ്ങള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം വനം വകുപ്പിനുണ്ട്. ഇക്കാര്യം മന്ത്രിക്ക് അറിയാത്തതല്ല.
മുട്ടില്‍ മരംമുറിക്കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതര ആശങ്കകളാണ് ഉയരുന്നത്. വനവകുപ്പിന്റെ വീഴ്ചകള്‍ കേസില്‍ പ്രോസിക്യൂഷനെ ദുര്‍ബലമാക്കുകയാണ്. മരംമുറിയുമായി ബന്ധപ്പെട്ട പോലീസ് കേസുകള്‍ പ്രധാനമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൃക്ഷങ്ങളുടെ മോഷണം നടന്നുവെന്ന ആരോപണം അടിസ്ഥാനമാക്കിയാണ്. അതിനാല്‍ പിടിച്ചെടുത്ത തടികള്‍ സര്‍ക്കാര്‍ സ്വത്താണെന്ന് സ്ഥാപിക്കുന്നതില്‍ വന വകുപ്പിന്റെ കണ്ടുകെട്ടല്‍ നടപടികള്‍ നിര്‍ണായകമായിരുന്നു. ഇത് ദുര്‍ബലമാകുന്ന സാഹചര്യം മോഷണക്കേസുകളിലും പൊതുമുതല്‍ നശിപ്പിക്കല്‍ കേസുകളിലും പ്രതിഭാഗത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഹൈക്കോടതിയില്‍ ആവശ്യമായ റിപ്പോര്‍ട്ടുകളും രേഖകളുംസമര്‍പ്പിക്കുന്നതില്‍ വനം ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തിയതാണ് പ്രതികള്‍ക്ക് ഇടക്കാല ആശ്വാസം ലഭിക്കാന്‍ സഹായകമായത്. മരംമുറിക്കേസുകളുടെ അന്വേഷണവും പ്രോസിക്യൂഷന്‍ നടപടികളും സമഗ്രമായി പുനഃപരിശോധിക്കണം. കാലതാമസമില്ലാതെകുറ്റപത്രം സമര്‍പ്പിക്കുകയും തുടര്‍നടപടികള്‍ വേഗത്തിലാക്കുകയും ചെയ്യണമെന്നും സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *