മുട്ടിൽ സൗത്ത് ഈട്ടിമുറി:വയനാട് മുൻ കളക്ടറക്കം ആറു പേർക്ക് വക്കീൽ നോട്ടീസ്
കല്‍പ്പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ 2021ല്‍ നടന്ന അനധികൃത ഈട്ടിമുറിയുമായി ബന്ധപ്പെട്ട് മുന്‍ കളക്ടറും ഡിഎഫ്ഒയും ഉള്‍പ്പെടെ ആറു പേര്‍ക്ക് വക്കീല്‍ നോട്ടീസ്. മരം മുറി നടന്ന കാലയളവില്‍ ജില്ലാ കളക്ടറായിരുന്ന ഡോ.അദീല അബ്ദുള്ള, സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസറായിരുന്ന രഞ്ജിത്ത്കുമാര്‍, മുന്‍ ഡിഎഫ്ഒ അജിത് കെ. രാമന്, വൈത്തിരി മുന്‍ തഹസില്‍ദാര്‍ ടി.പി. ഹാരിസ്, മേപ്പാടി റേഞ്ച് ഫോറസ്റ്റ് മുന്‍ ഓഫീസര്‍ കെ. ഷമീര്‍, നിലവിലെ റേഞ്ച് ഓഫീസര്‍ ബിജു എന്നിവര്‍ക്കാണ് പൊതുപ്രവര്ത്തകന് മീനങ്ങാടി നാടുകാണിക്കുന്ന് മുല്ലക്കല്‍ ലെന്നി സ്റ്റാന്‍സ് ജേക്കബ് കോഴിക്കോട് ബാറിലെ അഡ്വ.പി.ടി. രാജേഷ് മുഖേന നോട്ടീസ് അയച്ചത്.
റവന്യു പട്ടയഭൂമികളില്‍നിന്നു നിയമവിരുദ്ധമായി ഈട്ടികള്‍ മുറിച്ചതിനു വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ജില്ലയില്‍നിന്നു അനധികൃതമായി കടത്തിയെന്നു കണ്ടെത്തി എറണാകുളം കരിമുകള്‍ മലബാര്‍ ടിമ്പര്‍ ഇന്‍സ്ട്രീസില്‍നിന്നു പിടിച്ചെടുത്ത 54 കഷണം ഈട്ടി ഇനിയും കണ്ടുകെട്ടില്ല. മുട്ടില്‍ സൗത്ത് വില്ലേജിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ടിമ്പര്‍ ഡിപ്പോയിലേക്ക് മാറ്റിയ തടികളുടെ സംരക്ഷണത്തിന് കോടതി ഉത്തരവുണ്ടായിട്ടും വനം വകുപ്പ് മതിയായ നടപടികള്‍ സ്വീകരിച്ചില്ല. അനധികൃത മരം മുറിയും കടത്തും തടയുന്നതിന് റവന്യു, വനം അധികൃതര്‍ യഥാസയമം പ്രവര്‍ത്തിച്ചില്ല. ഇതിനുള്ള വ്യക്തമായ കാരണങ്ങള്‍ ആരാഞ്ഞാണ് ആറുപേര്‍ക്കും നോട്ടീസ് അയച്ചതെന്ന് ലെന്നി സ്റ്റാന്‍സ് ജേക്കബ് പറഞ്ഞു. നോട്ടീസില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള വന നിയമത്തിലെയും ജൈവ വൈവിധ്യ നിയമത്തിലെയും കേരള ഫോറസ്റ്റ് പ്രൊഡ്യുസ് ട്രാന്‍സിസ്റ്റ് റൂളിലെയും വിവിധ സെക്ഷനുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ ഇഴയുന്നതിന് പിന്നില്‍ കള്ളക്കളികള്‍ സംശയിക്കണമെന്ന് ലെന്നി പറഞ്ഞു. 2020 ഒക്ടോബര്‍ 24ന് അന്നത്തെ റവന്യു സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയ ഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്.
മുട്ടില്‍ സൗത്ത് വില്ലേജിലെ നിയമവിരുദ്ധ മരംമുറി മൂലം സര്‍ക്കാരിന് 15 കോടി രൂപയുടെ നഷ്ടമാണ് വനം വകുപ്പ് പ്രാഥമികമായി കണക്കാക്കിയത്. വിവാദമായതിനെത്തുടര്‍ന്ന് റവന്യു സെക്രട്ടറിയുടെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 2021 ഫെബ്രുവരിയില്‍ കെഎല്‍സി നിയമ പ്രകാരം (കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി) നടപടികള്‍ ആരംഭിച്ചെങ്കിലും മരങ്ങള്‍ മുറിച്ചവരില്‍നിന്നു ഇതുവരെ ചെറിയ തുക പോലും റവന്യു വകുപ്പ് പിഴ ഈടാക്കിയിട്ടില്ല. 68 കെഎല്‍സി കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പകുതിയോളം എണ്ണത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി എട്ടുകോടിയോളം രൂപ പിഴ നിശ്ചയിച്ചിരുന്നു. ബാക്കി കേസുകളില്‍ പിഴ നിര്‍ണയം വൈകുകയാണ്. പിഴ ആരില്‍നിന്നു ഈടാക്കണം എന്നതില്‍ റവന്യു അധികാരികള്‍ക്ക് വ്യക്തതയില്ലാത്ത സ്ഥിതിയാണ്. സര്‍ക്കാര്‍ അനുമതി ഉണ്ടെന്ന തെറ്റിദ്ധാരണയില്‍ കച്ചവടക്കാര്‍ക്ക് മരങ്ങള്‍ വിറ്റ ആദിവാസികളടക്കം ചെറുകിട ഭൂ ഉടമകളെ പിഴ അടയ്ക്കുന്നതില്‍നിന്നു ഒഴിവാക്കുമെന്ന് എന്ന് റവന്യു മന്ത്രിയും മറ്റും മുമ്പ് പറഞ്ഞതാണ്. എന്നാല്‍ അങ്ങനെ സംഭവിച്ചില്ല.
അനധികൃത മരംമുറിക്ക് മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഒആര്‍ ഒന്നു മുതല്‍ 49 വരെ കേസുകളിലെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി നിയമപ്രകാരം മീനങ്ങാടി പോലീസ് 281/2021 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് കേസുകളില്‍ 2023 ഡിസംബര്‍ നാലിനു ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
2021ല്‍ സൗത്ത് വയനാട് ഡിഎഫ്ഒ അനുവദിച്ച ഫോം 7 പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ വാഴവറ്റയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്നു എറണാകുളം കരിമുകള്‍ മലബാര്‍ ടിമ്പര്‍ ഇന്‍സ്ട്രീസിലേക്ക് ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 54 കഷണം ഈട്ടി കയറ്റിയത്. ഈ തടികള്‍ വനത്തില്‍നിന്നു മുറിച്ച് ശേഖരിച്ചതാണെന്നു ആരോപിച്ചാണ് വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുച്ചാനും കണ്ടുകെട്ടാനുമായില്ല. 2021 ഫെബ്രുവരി എട്ടിന് അന്നത്തെ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് കരിമുകളില്‍നിന്നു ഈട്ടിക്കഷണങ്ങള്‍ കസ്റ്റഡിയിലെടുത്തത്. ഈ തടികള്‍ കണ്ടുകെട്ടുന്നതില്‍ അന്വേഷണം പൂര്‍ത്തിയാക്കി മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ 61 എ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്കേ നടപടി സ്വീകരിക്കാനാകൂവെന്ന നിലപാടിലാണ് സൗത്ത് വയനാട് ഡിഎഫ്ഒ. കരിമുകളിലെ മില്ലില്‍നിന്നു ഈട്ടിത്തടികള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ഒആര്‍ 1/2021 നമ്പറായി കേസെടുത്തിരുന്നു. വനനിയമം 27ാം വകുപ്പ് പ്രകാരമായിരുന്നു കേസ്. ഒആര്‍ 41/2021 നമ്പറായി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത 281/2021 കേസിലാണ് പ്രതികളുടെ അറസ്റ്റ് നടന്നത്. ഒആര്‍ 1/2021, 41/2021 കേസുകളില്‍ വനംവകുപ്പ് അറസ്റ്റ് രേഖപ്പെടുത്തി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു.
മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയത്. മഴയും വെയിലും ഏറ്റ് തടികളുടെ ഗുണനിലവാരം കുറയുകയാണ്. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ച 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് കുപ്പാടി ഡിപ്പോയിലുള്ളത്. ഈ തടികള്‍ കേടുവരാതെ സംരക്ഷിക്കുന്നതിന് 2023 ജനുവരിയില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രാവര്‍ത്തികമാക്കുന്നതിലാണ് വനം വകുപ്പിന്റെ ഭാഗത്ത് വീഴ്ചയുണ്ടായത്. തടികള്‍ ലേലം ചെയ്ത് തുക സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതിനുള്ള നിയമതടസം ഇപ്പോള്‍ ഭാഗികമായി നീങ്ങിയിട്ടുണ്ട്്. കോടതി ഉത്തരവാകുന്ന മുറയ്ക്ക് തടികളുടെ ലേലം നടക്കുമെന്നാണ് സൂചന
