Feature NewsNewsPopular NewsRecent News

ജീവിതത്തിൽ തിരികെ പോകാനായാൽ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റും, അതാണ് ആദ്യത്തെ ലക്ഷ്യം’; നടൻ കിഷോർ

ചെന്നൈ: ജീവിതത്തില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാന്‍ അവസരം ലഭിച്ചാല്‍ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ മാറ്റുമെന്ന് നടന്‍ കിഷോര്‍. ഇന്ത്യ മാറിയിരിക്കുകയാണെന്നും ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന വെറുപ്പിന്റെ അളവ് വളരെ കൂടുതലാണെന്നും കിഷോര്‍ പറഞ്ഞു. ജീവിതത്തില്‍ പിന്നിലേക്ക് പോയി എന്തെങ്കിലും ചെയ്യാന്‍ അവസരം ലഭിച്ചാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തോടാണ് കിഷോര്‍ ഈ ഉത്തരം നല്‍കിയത്. മെല്ലിസൈ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ ഈ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞാല്‍ നിങ്ങളത് കട്ട് ചെയ്യാതെ കൊടുക്കുമോ എന്നറിയില്ല. എങ്കിലും പറയുകയാണ്. ഞാന്‍ 2014ലേക്ക് പോയി പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും. അതാണ് എന്റെ ആദ്യത്തെ ലക്ഷ്യം. ഇന്ത്യ മാറിയിരിക്കുകയാണ്. ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന വെറുപ്പിന്റെ അളവ് വളരെ കൂടുതലാണ്. വലിയ അപകടമാണിത്. ഇത്തരത്തില്‍ പോകുകയാണെങ്കില്‍ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും.’ കിഷോര്‍ പറഞ്ഞു. ‘ഞങ്ങള്‍ ഇപ്പോള്‍ ചെയ്ത മെല്ലിസൈ എന്ന ഈ സിനിമ പറയുന്നത് സ്നേഹത്തെക്കുറിച്ചാണ്. സ്‌നേഹമില്ലാതിരുന്നാല്‍ പിന്നെ മനുഷ്യന് ജീവിക്കാന്‍ സാധിക്കില്ല. മനുഷ്യര്‍ തമ്മിലുള്ള സ്നേഹം എല്ലാകാലത്തും ആവശ്യമാണെന്ന് ഈ സിനിമയിലൂടെ പറയുകയാണ്. പരസ്പരം വെറുത്താല്‍ എങ്ങനെ ജീവിക്കാന്‍ സാധിക്കും. വെറുപ്പ് ഇന്‍വെസ്റ്റ്‌മെന്റാക്കി അധികാരത്തിലേക്ക് വന്നാല്‍ അവര്‍ വളരെ അപകടകാരികളാകും. അത് മനുഷ്യര്‍ക്ക് വലിയ ആപത്താണ് ഉണ്ടാക്കിവെക്കുന്നത്. ആ വെറുപ്പ് ഒരു കമ്മ്യൂണിറ്റിക്ക് നേരെയായാലും നാടിനു നേരെയായാലും അപകടമാണ്. അത്തരക്കാരാണ് ഇപ്പോള്‍ എല്ലായിടത്തും അധികാരത്തില്‍ ഇരിക്കുന്നത്. ട്രംപിനെ നോക്കൂ. എല്ലാവരും അങ്ങനെയാണ്’. കിഷോര്‍ വ്യക്തമാക്കി. ‘രാഷ്ട്രീയം പവര്‍ പൊസിഷനല്ല. ജനങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യണം. ജവഹര്‍ലാല്‍ നെഹറു പറഞ്ഞത് താന്‍ പ്രഥമ സേവകന്‍ ആണെന്നാണ്. മോദി പറഞ്ഞത് പ്രധാന സേവക് എന്നാണ്. അതിനര്‍ഥം താനാണ് പ്രധാനിയെന്നാണ്.’ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെങ്കില്‍, ജനങ്ങളെ സേവിക്കണമെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു..

Leave a Reply

Your email address will not be published. Required fields are marked *