Event More NewsFeature NewsNewsPoliticsPopular NewsRecent News

ഗുരുവില്ല, യൂട്യൂബ് മാത്രം ഗുരു; ഒന്നാം സ്ഥാനം നേടി അഭിരാം

മുട്ടിൽ:സ്വയം പരിശീലിച്ച് കലോത്സവ വേദിയിൽ വിസ്മയം. ഗുരുവിന്റെ ശിക്ഷണമില്ല, നൃത്തപരിശീലനത്തിന് പ്രത്യേക ക്ലാസുകളുമില്ല. പഠിക്കാനുള്ള ആഗ്രഹവും യൂട്യൂബ് വീഡിയോകളും മാത്രം കൂട്ടുപിടിച്ച് സ്വയം പരിശീലനം നടത്തി കലോത്സവ വേദിയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് അഭിരാം കെ. സന്തോഷ്. തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ അഭിരാം ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തത്തിലാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയത്. മറ്റു മത്സരാർഥികൾ മാസങ്ങളോളം നൃത്തഗുരുക്കന്മാരുടെ കീഴിൽ പരിശീലനം നടത്തുമ്പോൾ അഭിരാമിന്റെ ഗുരു യൂട്യൂബായിരുന്നു. വീഡിയോകൾ വീണ്ടും വീണ്ടും കണ്ട് ചുവടുകൾ പഠിച്ചു. തെറ്റുകൾ സ്വയം തിരുത്തി രാവും പകലും പരിശീലനം തുടർന്നു. അങ്ങനെയാണ് മത്സരവേദിയിലേക്ക് ആത്മവിശ്വാസത്തോടെ എത്തിയത്. ‘ആരും എന്നെ നൃത്തം പഠിപ്പിക്കാനുണ്ടായിരുന്നില്ല. യൂട്യൂബിൽ വീഡിയോകൾ കണ്ട് സ്റ്റെപ്പുകൾ പഠിച്ചു. വീട്ടിൽ തനിയെ പരിശീലനം നടത്തി’ – അഭിരാം പറയുന്നു. അഭിരാമിന്റെ വിജയത്തിന് പിന്നിൽ കുടുംബത്തിന്റെ വലിയ പിന്തുണയുമുണ്ട്. പ്രത്യേകിച്ച് ആന്റിയുടെ പ്രോത്സാഹനവും പ്രിതി, സ്നേഹ എന്നിവരുടെ കരുതലും അഭിരാം നന്ദിയോടെ ഓർക്കുന്നു. മത്സരത്തിനായി മേക്കപ്പും ചമയങ്ങളും ഒരുക്കി ആത്മവിശ്വാസത്തോടെ വേദിയിലേക്ക് അയച്ചതും ഇവരായിരുന്നു. പരിശീലിപ്പിക്കാൻ ഗുരുവില്ലെങ്കിലും വിജയത്തിലേക്ക് നയിക്കാൻ നിശ്ചയദാർഢ്യമുണ്ടെന്ന് തെളിയിക്കുകയാണ് അഭിരാം. യൂട്യൂബിനെ ഗുരുവാക്കി നേടിയ ഈ വിജയം കലോത്സവത്തിലെ വേറിട്ടൊരു വിജയഗാഥയാണ്

Leave a Reply

Your email address will not be published. Required fields are marked *