വയനാടിനെ സാഹിത്യ നഗരിയാക്കാൻ ഡബ്ല്യുഎൽഎഫിന് സാധിക്കും: എസ്. ദേവമനോഹർ
ദ്വാരക: സാഹിത്യ നഗരിയായ കോഴിക്കോടിനെയും സാംസ്കാരിക നഗരിയായ തൃശൂരിനെയും പോലെ വയനാടിനെയും ഒരു സാഹിത്യ നഗരിയായി വളർത്തിയെടുക്കാൻ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന് (ഡബ്ല്യുഎൽഎഫ്) സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവിയും എഴുത്തുകാരനുമായ എസ്. ദേവമനോഹർ ഐപിഎസ്. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യം, രാഷ്ട്രീയം, കലാപരിപാടികൾ, ഭക്ഷ്യോത്സവം എന്നിവയെല്ലാം ഒത്തുചേരുന്ന വിപുലമായൊരു സാംസ്കാരിക സംഗമമാണ് വയനാട് സാഹിത്യോത്സവമെന്നും അദ്ദേഹം പറഞ്ഞു.ഡബ്ല്യുഎൽഎഫ് ഡയറക്ടർ ഡോ. വിനോദ് കെ. ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി.കെ. സുധീർ സ്വാഗതം ആശംസിച്ചു. വിവിധ കമ്മിറ്റി ചെയർമാൻമാരായ ഷാജൻ ജോസ്, സൂപ്പി പള്ളിയാൽ എന്നിവർ സംസാരിച്ചു. എടവക ഗ്രാമപഞ്ചായത്ത് അംഗങ്ങളും സംഘാടക സമിതി ചെയർമാൻമാരുമായ ഷിൽസൺ മാത്യു, വിനോദ് തോട്ടത്തിൽ, കെ. മുരളീധരൻ, വിവിധ കമ്മിറ്റി കൺവീനർമാരായ ഷൈജിത് വി.എം, പി. സുരേഷ് ബാബു, ഷിഹാബ് ആയാത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സംഘാടക സമിതി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.ദ്വാരക ടൗണിന് സമീപത്തെ എടവക ഗ്രാമപഞ്ചായത്ത് ബസ് ബേ കെട്ടിടത്തിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തിക്കുന്നത്. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിനായുള്ള സ്റ്റാളുകൾ ബുക്ക് ചെയ്യുന്നതിനും മറ്റ് അന്വേഷണങ്ങൾക്കുമായി പൊതുജനങ്ങൾക്ക് ഓഫീസിനെ സമീപിക്കാവുന്നതാണ്. ഫെസ്റ്റിവലിനുള്ള ഡെലിഗേറ്റ് പാസുകളും ടിക്കറ്റുകളും ഇവിടെ നിന്ന് ലഭ്യമാകും
