ടൂറിസം മേഖലയിലെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രത്യേക സമിതി; വയനാട് ജില്ലാ വികസന സമിതി യോഗം ചേർന്നു
കൽപ്പറ്റ: വയനാട് ജില്ലയിലെ ടൂറിസം മേഖലയുടെസുഗമവും ശാസ്ത്രീയവുമായ പ്രവർത്തനങ്ങൾ പരിശോധിക്കാൻ എ.ഡി.എമിൻ്റെ അധ്യക്ഷതയിൽ പ്രത്യേക സമിതി രൂപീകരിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനമായി. ടൗൺ പ്ലാനർ കൺവീനറും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ടൂറിസം ഡെപ്യൂട്ടി ഡയക്ടർ, ഡി.ടി.പി.സി സെക്രട്ടറി, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ സമിതിയിൽ അംഗങ്ങളായിരിക്കുമെന്ന് ജില്ലാ കളക്ടർ വി. ചെൽസാസിനി അറിയിച്ചു. സുൽത്താൻബത്തേരി പെരിക്കല്ലൂർ, മുള്ളൻകൊല്ലി മരക്കടവ്, റോഡുകളുടെ നിർമ്മാണം പൂർത്തിയാകാത്തതിൽ പൊതുജനങ്ങൾ നേരിടുന്ന പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാവണമെന്ന് എം.പിയുടെ പ്രതിനിധി കെ.എൽ പൗലോസ് യോഗത്തിൽ ആവശ്യപ്പെട്ടു.
കൈനാട്ടി ട്രാഫിക് സിഗ്നലുകളുടെ അപാകതകൾ പരിഹരിച്ച് പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാക്കണമെന്ന് കൃഷി വകുപ്പ് മന്ത്രിയുടെ പ്രതിനിധി വി.എ മജീദ് യോഗത്തിൽ ആവശ്യപ്പെട്ടു. പുഴയുടെയും തോടുകളുടെയും ഓരങ്ങളിൽ നിർമിച്ച വീടുകളുടെ സുരക്ഷയ്ക്കായി സംരക്ഷണ ഭിത്തികൾ നിർമ്മിക്കണമെന്നും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വന മേഖലയിൽ നിർമിക്കുന്ന ഫെൻസിങ് പ്രവൃത്തികൾ സമയ ബന്ധിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. പട്ടികവർഗ വികസന വകുപ്പ് ജില്ലാ തലത്തിൽ ടി.ആർ.ഡി.എം മിഷൻ പ്രകാരം സ്ഥലം വാങ്ങി പൂർത്തീകരിച്ച് വീടും അടിസ്ഥാന സൗകര്യങ്ങളും നൽകിയിട്ടും പല വീടുകളിലും ആളുകൾ താമസിക്കാത്ത സാഹചര്യം ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനിച്ചു. ജില്ലാ കളക്ടർ വി. ചെൽസാസിനിയുടെ അധ്യക്ഷതയിൽ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ ചേർന്ന യോഗത്തിൽ എ.ഡി.എം കെ. അജീഷ്, ജില്ലാ പ്ലാനിങ് ഓഫീസർ എം. കമാലുദ്ദീൻ, ജില്ലാതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
