ലഹരിക്കെതിരെ വിദ്യാലയങ്ങൾക്ക് പോലീസ് കവചം; എസ്.പി.ജി/സി.പി.ജി പ്രവർത്തനങ്ങൾ ശക്തമാക്കുന്നു
മുട്ടിൽ വിദ്യാർത്ഥികളെ ലഹരിയിൽനിന്ന് അകറ്റിനിർത്തുന്നതിന് പോലീസ് ഇടപെടലുകൾക്കൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും സജീവ പങ്കാളിത്തവും അനിവാര്യമാണെന്ന് ജില്ലാ അഡി. എസ്.പിയും സോഷ്യൽ പോലീസ് ഡിവിഷൻ ജില്ലാ നോഡൽ ഓഫീസറുമായ എൻ.ആർ. ജയരാജ്. ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കൽപ്പറ്റ സബ് ഡിവിഷനു കീഴിലുള്ള വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഡബ്ല്യു.എം.ഒ കോളജിൽ സംഘടിപ്പിച്ച എസ്.പി.ജി/സി.പി.ജി അവലോകന യോഗവും ബോധവൽക്കരണ ക്ലാസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട അസാധാരണമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവഗണിക്കാതെ സമയബന്ധിതമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
കൽപ്പറ്റ, മേപ്പാടി, വൈത്തിരി, പടിഞ്ഞാറത്തറ, കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധികളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യാപക കോർഡിനേറ്റർമാരാണ് പരിപാടിയിൽ പങ്കെടുത്തത്. കൽപ്പറ്റ ഡിവൈ.എസ്.പി ടി.എ. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. വൈത്തിരി വിദ്യാഭ്യാസ ഉപജില്ലാ എ.ഇ.ഒ ഡോ. കെ.ടി. അഷ്റഫ് മുഖ്യാതിഥിയായി. റിട്ട. എസ്.പി പ്രിൻസ് എബ്രഹാം മുഖ്യപ്രഭാഷണവും ബോധവൽക്കരണ ക്ലാസും നയിച്ചു.
ഡബ്ല്യു.എം.ഒ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി.പി. ഹേമലത, ഡോ. പി. അബ്ദുൽ ജലീൽ, ടി.കെ. ഷാനവാസ്, വി.ജെ. ജിൻസ്, കൽപ്പറ്റ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്, സോഷ്യൽ പോലീസ് ഡിവിഷൻ എ.ഡി.എൻ.ഒസബ് ഇൻസ്പെക്ടർ എൻ.കെ. ദാമോദരൻ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളെ ലഹരിയുടെ കെണികളിൽനിന്ന് സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനുമായി പോലീസിന്റെ നേതൃത്വത്തിലുള്ള സ്കൂൾ, കോളജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ ശക്തമാകുന്നു. വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരങ്ങളിലും ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപ്പന, വിതരണം എന്നിവ തടയുന്നതിനുമായി എല്ലാ സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകളും (എസ്.പി.ജി), കോളജുകളിൽ കോളജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളും (സി.പി.ജി) രൂപീകരിച്ചിട്ടുണ്ട്.
പ്രധാനാധ്യാപകൻ ചെയർമാനും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ കൺവീനറും പോലീസ് ഉദ്യോഗസ്ഥൻ ജോയിൻ്റ് കൺവീനറുമായാണ് ഗ്രൂപ്പുകളുടെ പ്രവർത്തനം. അധ്യാപകർ, ജനപ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ, വ്യാപാരികൾ, ഓട്ടോ െ്രെഡവർമാർ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, പ്രദേശവാസികൾ തുടങ്ങിയവർ അംഗങ്ങളാണ്. വിദ്യാർത്ഥികൾക്ക് പരാതികളും വിവരങ്ങളും കൈമാറുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്.
