തലപ്പുഴയിൽ മാലിന്യം തള്ളിയവർക്കെതിരെ നടപടിവേണം: ആം ആദ്‌മി പാർട്ടി
തലപ്പുഴ: തലപ്പുഴ-ഇടിക്കര റോഡരികിൽ രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആം ആദ്‌മി പാർട്ടി തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റോഡരികിൽ മാലിന്യം തള്ളുന്നത് സമീപവാസികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ദുർഗന്ധം കാരണം മൂക്ക് പൊത്തിയാണ് യാത്രക്കാർ ഇതുവഴി കടന്നുപോകുന്നത്. മാലിന്യത്തിന് സമീപം തെരുവുനായ്ക്കളുടെ സാന്നിധ്യം വർധിക്കുന്നത് സ്കൂൾ വിദ്യാർഥികൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.
മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രദേശത്തെ തെരുവുവിളക്കുകൾ കത്താത്തത് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുന്നതിനാൽ വിളക്കുകൾ പ്രവർത്തനക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ആം ആദ്‌മി പാർട്ടി തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ. നാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ അജി കോളോണിയ, പി.പി. സുനീർ, മനോജ് കുമാർ, വിൻസ്റ്റൺ, ജെയിംസ് പി.എ., ബേബി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
