ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
മാനന്തവാടി: ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നൃത്ത, സംഗീത പരിപാടികൾക്ക് തുടക്കമായി. പരിപാടികളുടെ ഉദ്ഘാടനം ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി നിർവ്വഹിച്ചു. ഒക്ടോബർ 18, 19, 20 തീയതികളിലായാണ് നൃത്ത, സംഗീത പരിപാടികൾ നടക്കുന്നത്. അതോടൊപ്പം നവരാത്രിയോട് അനുബന്ധിച്ച് മാതൃസമിതിയുടെ നേതൃത്വത്തിൽ എല്ലാ ദിവസവും രാവിലെ ക്ഷേത്രത്തിൽ സഹസ്രനാമാർച്ചനയും നടന്നു വരുന്നുണ്ട്. ഒക്ടോബർ 20-ന് ആയുധപൂജയും വാഹനപൂജയും നടക്കും. തുടർന്ന് ഒക്ടോബർ 21 വിജയദശമി ദിനത്തിൽ വാഹനപൂജ, വിദ്യാരംഭം, ഉച്ചയ്ക്ക് അന്നദാനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ഈ വർഷത്തെ പുത്തരി ഉത്സവം ഒക്ടോബർ 28 ബുധനാഴ്ച പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
