യോഗയിലൂടെ ആരോഗ്യത്തിലേക്ക്; വാളാട് ജനകീയാരോഗ്യ കേന്ദ്രം മാതൃകയാകുന്നു
വാളാട്: ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള വാളാട് ജനകീയാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച യോഗ പരിശീലനം ജനശ്രദ്ധ നേടുന്നു. കഴിഞ്ഞ രണ്ട് മാസമായി എല്ലാ ശനിയാഴ്‌ചകളിലും രാവിലെ 11 മണിക്ക് നടക്കുന്ന യോഗ പരിശീലനത്തിൽ യോഗ ട്രെയിനർ അഭിലാഷ് പരിശീലനം നൽകുന്നു സ്ത്രീകളും പുരുഷൻമാരുമടക്കം 30ഓളം പേർ സ്ഥിരമായി പങ്കെടുക്കുന്നു. ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും യോഗയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രായഭേദമന്യേ പ്രദേശവാസികൾ പരിശീലനത്തിൽ സജീവമായി പങ്കെടുക്കുന്നത് ശ്രദ്ധേയമാണ്.
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ങഘടജ അഷിത ഗഏ യും വാളാട് ജനകീയ ആരോഗ്യ കേന്ദ്രത്തിന് കീഴിലെ ആശാ പ്രവർത്തകരും നേതൃത്വം നൽകിയാണ് യോഗ പരിശീലന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യപരിപാലനത്തിന് പുതിയൊരു മാതൃക സൃഷ്‌ടിക്കുന്ന പ്രവർത്തനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ജനങ്ങളുടെ ആരോഗ്യപരിപാലനത്തിൽ ചികിത്സയ്ക്കൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾക്കും ജീവിതശൈലി മാറ്റങ്ങൾക്കും പ്രാധാന്യം നൽകുന്ന ഇത്തരം ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ മികച്ച ഉദാഹരണമാണ് വാളാട് ജനകീയാരോഗ്യ കേന്ദ്രത്തിലെ യോഗ പരിശീലനം.
