മലയോര ജില്ലകളിലെ ഡോക്ടർമാരെ ഇനി മറ്റ് ജില്ലകളിലേക്ക് മാറ്റില്ല
കൽപ്പറ്റ: വയനാട് ഉൾപ്പെടെയുള്ള മൂന്ന് ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാരെ ഇനി മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റില്ലെന്ന് ആരോഗ്യ മന്ത്രി. വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിലെ ആരോഗ്യമേഖല നേരിടുന്ന ഡോക്ടർമാരുടെ കടുത്തക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് സർക്കാരിൻ്റെ ഈ നിർണായക നീക്കം. പുതിയ തീരുമാനംവയനാടിന് ആശ്വാസമായി മാറുമെന്നുറപ്പാണ്.
വയനാട് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തത് കാലങ്ങളായി പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടായിരുന്നു. തണുപ്പും ഭൂമിശാസ്ത്രപരമായ പ്രയാസങ്ങളും ചൂണ്ടിക്കാട്ടി മലയോര മേഖലകളിലേക്ക് നിയമനം ലഭിക്കുന്ന ഡോക്ടർമാർ വരാൻ മടിക്കുന്നതും, എത്തുന്നവർ തന്നെ പെട്ടെന്ന് സ്ഥലം മാറിപ്പോകുന്നതുമാണ് ജില്ലയിലെ പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധിക്ക് പുതിയ തീരുമാനത്തോടെ പരിഹാരമാകും,
വയനാട്ടിൽ നിലവിൽ പ്രവർത്തിക്കുന്നവരെയും ഇനി പുതുതായി നിയമിക്കപ്പെടുന്നവരെയും മറ്റ് ജില്ലകളിലേക്ക് മാറ്റില്ല.
കൂടാതെ ഈ തീരുമാനം വഴി വയനാട്ടിലെ പ്രധാന ആശുപത്രികളിൽ ഡോക്ടർമാരുടെ സ്ഥിരസാന്നിധ്യം ഉറപ്പാക്കാൻ സാധിക്കും. നിയമനം ലഭിക്കുന്നവർ ജില്ലയിൽ തന്നെ തുടരുമെന്നതിനാൽ വിദൂര ഗ്രാമങ്ങളിലടക്കം മികച്ച ചികിത്സാ സൗകര്യം ലഭ്യമാകും.
തണുപ്പാണ് എന്നതടക്കമുള്ള ന്യായങ്ങൾ പറഞ്ഞ് മലയോര ജില്ലകളിലേക്ക് വരാതിരിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് ഇത്തരമൊരു തീരുമാനമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. അതേസമയം, ഈ നിയന്ത്രണം എത്ര കാലത്തേക്കാണെന്ന കാര്യം മന്ത്രി വ്യക്തമാക്കിയിട്ടില്ല. എങ്കിലും, വയനാടൻ ജനതയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ആരോഗ്യവകുപ്പിന്റെ ഈ തീരുമാനം.
