പിഎംശ്രീയിൽ തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്രത്തിന് മാത്രം, പിന്മാറിയാൽ കേരളത്തിന് കോടികളുടെ നഷ്ടം
പിഎംശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. പദ്ധതിയിൽ നിന്ന് പിന്മാറാൻ കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂ. സംസ്ഥാന സർക്കാർ അങ്ങനെ ചെയ്താൽ പല ഇനത്തിലായി രണ്ടായിരം കോടി രൂപയോളം കേരളത്തിന് നഷ്ടമുണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ പറഞ്ഞു.
ചോദ്യോത്തര വേളയിൽ പ്രവീൺകുമാർ എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പദ്ധതിയിലൂടെ സംസ്ഥാനത്തെ 152 ബ്ലോക്കുകളിൽ 304 സ്‌കൂളുകൾക്ക് ഒരുകോടി രൂപവീതം മൂന്നുവർഷത്തേക്കാണ് ലഭിക്കുക. തൊള്ളായിരം കോടിരൂപയോളമാണ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് കിട്ടുക. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറിയാൽ ഈ തുക നഷ്ടമാകുന്നതിനുപുറമെ അന്യായമായി മറ്റ് കേന്ദ്രഫണ്ടുകൾ തടഞ്ഞുവയ്ക്കാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഈ പദ്ധതിയിൽ ഒപ്പിടാൻ നിർബന്ധിതമായതും ആ ഫണ്ട് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തിയതായോ അഭിപ്രായങ്ങൾ തേടിയതായോ അറിയാൻ കഴിഞ്ഞിട്ടില്ല. എൽഡിഎഫ് സർക്കാർ ഇതിനുവേണ്ടി സെക്രട്ടറിമാരുടെ സമിതി രൂപീകരിച്ചിരുന്നു. സെക്രട്ടറിമാർ യോഗം ചേരുകയും പദ്ധതിയിൽ ഒപ്പുവയ്ക്കാവുന്നതാണെന്ന് ഉപദേശം നൽകുകയും ചെയ്തതായാണ് രേഖകളിൽ കാണുന്നത്- എൻ ഷംസുദ്ദീൻ വ്യക്തമാക്കി.
