ആറുവരിപ്പാതയിൽ ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കും നിരോധം
കോഴിക്കോട് :രാമനാട്ടുകര-വെങ്ങളം ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധം നടപ്പാക്കി തുടങ്ങി. സുരക്ഷയുടെ ഭാഗമായിട്ടാണ് നിരോധനമേർപ്പെടുത്തിയതെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. നിയമപ്രകാരം ഇരുചക്രവാഹനങ്ങളും ഓട്ടോകളും സർവീസ് റോഡ് വഴിയാണ് പോകേണ്ടത്. ഇത് എല്ലാവരും പാലിക്കണമെന്നും തെറ്റിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
നേരത്തെ തന്നെ നിരോധം ഉണ്ടെങ്കിലും കർശനമാക്കിയത് കഴിഞ്ഞദിവസം മുതലാണ്. ആറുവരിപ്പാതയിലേക്ക് ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കും നിരോധമേർപ്പെടുത്തി ബൈപാസ് തുറന്നപ്പോൾ തന്നെ ബോർഡുകൾ സ്ഥാപിച്ചതാണ്. എന്നാൽ ഇതാരും പാലിക്കാറില്ല. ആറുവരിപ്പാതയിലെ മൂന്നാമത്തെ വരിയിലൂടെ വരെ ഇരുചക്രവാഹനങ്ങൾ പോവുന്നുണ്ട്. മഴ 1 തുടങ്ങിയ സാഹചര്യത്തിൽ ഇത് കൂടുതൽ അപകടമുണ്ടാക്കുമെന്നതുകൊണ്ടാണ് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് കർശനമാക്കാൻ തീരുമാനിച്ചത്. നിരോധം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ഇതോടൊപ്പം തന്നെ ആറുവരിപ്പാതയിലും സർവീസ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടിയെടുക്കും. പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പൊലീസിന്റെ സഹായത്തോടെ ദേശീയപാത അതോറിറ്റി ക്രെയിൻ ഉപയോഗിച്ച് നീക്കും. വാഹനം കേടായാൽ മാത്രമേ നിർത്തിയിടാൻ അനുവദിക്കൂ.
നിലവിൽ ആറുവരിപ്പാതയിലും സർവീസ് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. ഇത് അനുവദിക്കില്ല. തൊണ്ടയാട്, കുടിൽത്തോട്, പുറക്കാട്ടിരി പാലത്തിന് സമീപം, പാലോറമല എന്നിവിടങ്ങളിലെല്ലാം ടാങ്കർ ലോറികൾ ഉൾപ്പെടെ സ്ഥിരം പാർക്കിങ് കേന്ദ്രങ്ങളാണ്. ഇത് അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
